'2026ൽ മമത മുൻ മുഖ്യമന്ത്രിയാകും, വീണ്ടും അധികാരത്തിലെത്തില്ല'; തൃണമൂൽ സസ്പെൻഡ് ചെയ്ത എംഎൽഎ
പശ്ചിമ ബംഗാളിലെ മുർശിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഹൂമയൂൺ കബീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തൃണമൂലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎ ഹൂമയൂൺ കബീർ. മമത ബാനർജി 2026ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് നിന്ന് പുറത്താക്കപ്പെടുമെന്ന് ഹൂമയൂൺ കബീർ പറഞ്ഞു.
'മുഖ്യമന്ത്രി മമത ബാനർജി 2026ൽ മുഖ്യമന്ത്രിയാകില്ല, സത്യപ്രതിജ്ഞ ചെയ്യില്ല. മുൻ മുഖ്യമന്ത്രിയായി മുദ്രകുത്തപ്പെടും'- ഹൂമയൂൺ പറഞ്ഞു. പശ്ചിമ ബംഗാളിലെ മുർശിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഹൂമയൂൺ കബീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
നാളെ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച കബീർ, ആവശ്യമെങ്കിൽ ഡിസംബർ 22ന് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റ് തന്നെ യോഗത്തിലേക്ക് വിളിപ്പിച്ചതായും കബീർ പറഞ്ഞു. ജില്ലാ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീട് പ്രതികരണം അറിയിക്കും. എംഎൽഎ എന്ന നിലയിലല്ല പാർട്ടിയിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡിസംബർ ആറിന് ബെൽദംഗയിൽ പള്ളിയുടെ തറക്കല്ലിടൽ കർമം നടത്തുമെന്നും കബീർ പ്രഖ്യാപിച്ചിരുന്നു. കബീറിന്റെ പ്രസ്താവനകളെക്കുറിച്ച് മുമ്പ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കൊൽക്കത്ത മേയറും ടിഎംസി നേതാവുമായ ഫിർഹാദ് ഹക്കീം പറഞ്ഞിരുന്നു. ഞങ്ങൾ മതേതര ആശയത്തിൽ വിശ്വസിക്കുന്നവരാണ്. പാർട്ടി തീരുമാനപ്രകാരം ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്തു'- ഹക്കീം വ്യക്തമാക്കി.