Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ബംഗളൂരു: സഹോദരന്റെ എട്ടും ആറും വയസുള്ള മക്കളെ യുവാവ് അടിച്ചുക്കൊന്നു. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്പാഷയുടെ മക്കളായ ഇഷാഖ് അനുജൻ ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയസഹോദരൻ റോഷനെ (അഞ്ച്) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചന്ദ്‌പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടനിർമാണത്തൊഴിലാളിയായ ചന്ദ്‌പാഷയും വസ്ത്രനിർമാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും മൂന്നുമക്കളും പാഷയുടെ മാതാവിനും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുമായി സ്ഥിരമായി വഴക്കുണ്ടാക്കുന്ന കാസിം ഈയിടെ നിസാരകാര്യത്തിന് ബഹളമുണ്ടാക്കുകയും വീടുവിട്ടുപോകുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടിൽ എത്തിയ കാസിമിനെ ചാന്ദ് പാഷ അവിടെനിന്ന് കൂട്ടിക്കൊണ്ടു വന്നു. ശനിയാഴ്ച ഉച്ചക്കുശേഷം ചന്ദ് പാഷയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽക്കയറി കതകടച്ചതിനുശേഷം ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.