തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ചൂടു പിടിച്ച് ബംഗാൾ രാഷ്ട്രീയം
ബിജെപി നുഴഞ്ഞു കയറ്റം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ എസ്ഐആർ ഉയർത്തി പ്രതിരോധിക്കുകയാണ് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ ചൂടുപിടിച്ച് ബംഗാൾ രാഷ്ട്രീയം. നുഴഞ്ഞു കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണവിഷയമാക്കണമെന്ന നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് നൽകി കഴിഞ്ഞു. എസ്ഐആർ ഉയർത്തി ബിജെപി നീക്കത്തെ പ്രതിരോധിക്കാനാണ് തൃണമൂൽകോൺഗ്രസ് തീരുമാനം. അതിനിടെ, കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലാണ്.
'ഗംഗ ബീഹാറിലൂടെ ഒഴുകി ബംഗാളിൽ എത്തുന്നു. ബംഗാളിൽ ബിജെപിയുടെ വിജയത്തിന് ബീഹാർ വഴിയൊരുക്കും. ബംഗാളിലെ ജംഗിൾ രാജ് ബിജെപി പിഴുതെറിയും'- ബിഹാർ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. അടുത്ത ലക്ഷ്യം ബംഗാളാണെന്ന വ്യക്തമായ പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ അമിത് ഷാ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീ സുരക്ഷ, അഴിമതി, നുഴഞ്ഞുകയറ്റം എന്നിവയിൽ ഊന്നിയുള്ള പ്രചാരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബംഗാളിൽ എത്തിയ അമിത് ഷായുടെ വാക്കുകളിൽ അത് വ്യക്തം. 'അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വരും മാസങ്ങൾ സംസ്ഥാനത്തിന് നിർണായകമാണ്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ പശ്ചിമ ബംഗാൾ “ഭയത്തിനും, അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും” സാക്ഷ്യം വഹിച്ചു'- എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
എന്നാൽ, എസ്ഐആർ, വിഭജന രാഷ്ട്രീയം എന്നിവ ഉയർത്തി ബിജെപിയെ പ്രതിരോധിക്കാനാണ് തൃണമൂൽ കോൺഗ്രസ് നീക്കം. അതിന്റെ ഭാഗമായിട്ടുള്ള വലിയ പ്രചാരണങ്ങളും തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ദുർഗ അംഗൻ നിർമ്മാണത്തിന്റെ തറക്കലിടൽ ചടങ്ങിലെ മമത ബാനർജിയുെടെ പ്രസംഗം അതിന് തെളിവായിരുന്നു. എസ്ഐആർ പോരാട്ടത്തിന് ദുർഗാ ദേവിയുടെ സഹായം അഭ്യർഥിച്ചുകൊണ്ടായിരുന്നു മമത ബാനർജിയുടെ പ്രസംഗം. 'ആര് ഇവിടെ താമസിക്കും, ആര് പോകണം എന്നതിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുകയാണ്. ഒരുപാട് പേർ നിസ്സഹായരാണ്. മനുഷ്യത്വം പുനഃസ്ഥാപിക്കാൻ ദുർഗാ ദേവിയോട് ഞാൻ പ്രാർത്ഥിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ 50-ൽ അധികം പേർ മരിച്ചു. ഇത് സഹിക്കാൻ കഴിയില്ല. ബംഗാളിൽ താമസിക്കുന്ന ആളുകൾ അവരുടെ പൗരത്വം തെളിയിക്കേണ്ടതുണ്ടോ? പൗരത്വവും വോട്ടവകാശവും തമ്മിൽ എന്താണ് ബന്ധം? ബംഗാളി സംസാരിക്കുന്ന ആളുകളെ ബംഗ്ലാദേശികളായി മുദ്രകുത്തുകയാണ്. ഇത് അസഹനീയമാണ്. ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണ്. എന്നാൽ അതിനൊരു പരിധിയുണ്ട്. എല്ലാവരുടെയും വോട്ടവകാശം സംരക്ഷിക്കപ്പെടണം'. മമത ബാനർജി പ്രസംഗത്തിൽ പറഞ്ഞു.
അതിനിടെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിയെ സന്ദർശിച്ചതും വിവാദമായിട്ടുണ്ട്. സിപിഎം അടക്കമുള്ള പാർട്ടികളുമായി സഖ്യ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.