ഹരിയാനയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു; യുവതിയുടെ മുഖത്ത് 12 സ്റ്റിച്ചുകൾ

തിങ്കളാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്

Update: 2025-12-31 04:15 GMT
Editor : Jaisy Thomas | By : Web Desk

ഫരീദാബാദ്: ഹരിയാന ഫരീദാബാദ് മെട്രോ ചൗക്കിൽ വാനിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്.

ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതിയെ പ്രതികൾ രാജ ചൗക്കിന് സമീപം പുലർച്ചെ 3 നും 4 നും ഇടയിൽ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്ത് 21 സ്റ്റിച്ചുകളുണ്ട്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. മെട്രോ ചൗക്കിൽ നിന്ന് കല്യാൺപുരി ചൗക്കിലേക്ക് എത്താൻ വാഹനമൊന്നും ലഭിക്കാതെ നിൽക്കുകയായിരുന്നു യുവതിയുടെ അടുത്തേക്ക് മാരുതി സുസുക്കി ഈക്കോ വാനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് സംഘം പിന്നീട് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും വാൻ കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ നില ഗുരുതരമാണെന്നും മൊഴി നൽകാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയുടെ സഹോദരിയുടെ പരാതിയിൽ ചൊവ്വാഴ്ച കോട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News