ആധാറോ റേഷൻ കാർഡോ ഇല്ല; ബംഗാളിൽ വയോധികൻ മരിച്ചത് പട്ടിണി മൂലമെന്ന് കുടുംബം
കുടുംബത്തിൽ ആർക്കും ആധാർ ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതിനാൽ ആധാർ എടുക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല
ബങ്കുര: ആഗസ്റ്റ് രണ്ടിനാണ് ബംഗാളിലെ ബങ്കുര ജില്ലയിലെ കുമിഡ്ഡ ഗ്രാമത്തിലെ താമസക്കാരനായ ബൈദ്യനാഥ് ദാസ്‌മോദാക്ക് മരണപ്പെടുന്നത്. 65 വയസുള്ള ബൈദ്യനാഥ് കുറച്ചധികം കാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം ബൈദ്യനാഥ് ദുരിതമനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് കുടുംബവും നാട്ടുകാരും പറയുന്നു.
സർക്കാർ വക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ടി ബൈദ്യനാഥും കുടുംബവും കേറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ആധാർ കാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ആധാർ എടുക്കാനുള്ള ശ്രമങ്ങളായി. എന്നാൽ മരണംവരെ ബൈദ്യനാഥിന് ആധാർ ലഭിച്ചിട്ടില്ല. 63 വയസുള്ള ബൈദ്യനാഥിന്റെ ഭാര്യ കൽപന, മകൻ സോമനാഥ്, മരുമകൾ പിങ്കി, പേരക്കുട്ടികളായ സന്ദീപ്, മംഗള എന്നിവരടങ്ങുന്ന കുടുംബം ഇപ്പോഴും ദുരിതത്തിലാണ്.
പത്തും നാലും വയസുള്ള പേരക്കുട്ടികൾക്കടക്കം ഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. കുടുംബത്തിലാർക്കും തന്നെ ഇതുവരെയും ആധാർ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റേഷൻ സംവിധാനത്തിൽ നിന്നുള്ള ആനുകൂല്യങ്ങളോ, വയോജന പെൻഷനോ, സംസ്ഥാന സർക്കാരിന്റെ ലക്ഷ്മിർ ഭന്ദർ സ്‌കീം വഴിയുള്ള ആനുകൂല്യങ്ങളോ കുടുംബത്തിന് ലഭിക്കില്ല.
ഗ്രാമത്തിലെ മറ്റു കുടുംബങ്ങൾ നൽകുന്ന അരിയും, പച്ചക്കറികളും മറ്റുമാണ് കുടുംബത്തിന് ഏക സഹായം. എന്നാൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ഇത് തികയാറില്ല. ഗ്രാമത്തിലെ കുടുംബങ്ങളിലധികവും ദരിദ്രരാണെന്നതിനാൽ സഹായിക്കുന്നതിന് പരിമിതികളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ദിവസവേതന വ്യവസ്ഥയിൽ പലഹാരക്കടയിൽ ജോലി ചെയ്തിരുന്നയാളാണ് ബൈദ്യനാഥ്. എന്നാൽ ലഭിച്ചിരുന്ന ശമ്പളത്തിൽ നിന്നും ആവശ്യത്തിനുള്ള പോഷകാഹാരം കഴിക്കുന്നതും നടക്കുന്ന കാര്യമായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. രോഗം ബാധിച്ച അവശനായിരുന്നിട്ടും ദിവസവും ആധാറിനായി 12 കിലോമീറ്റർ സഞ്ചരിച്ച് ബങ്കുര ഹെഡ് പോസ്റ്റ് ഓഫീസിൽ പാതിരാത്രി വരെ കാത്തിരിക്കാറുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല.
20 വർഷം മുമ്പ് ഇന്ദിര ആവാസ് യോജന വഴി ലഭിച്ച വീട്ടിലാണ് കുടുംബം കഴിയുന്നത്. പലഭാഗവും തകർന്ന ചോർന്നൊലിക്കുന്ന നിലയിലാണ് വീട്. ബൈദ്യനാഥിന്റെ ഭാര്യ കൽപനയുടെ ഇടുപ്പെല്ല് തകർന്ന് നടക്കാൻ സാധിക്കാത്ത നിലയിലാണ്. മകൻ ദിവസ വേതനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും എല്ലാ ദിവസവും ജോലി ഇല്ലാത്തതിനാൽ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ തികയുന്നില്ല. നേരത്തെ ബൈദ്യനാഥിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ വാങ്ങിയില്ല. 'ബങ്കുര മെഡിക്കൽ കോളജിൽ എന്റെ ഭർത്താവിനെ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ വാങ്ങാനുള്ള പണം കൈയിലുണ്ടായിരുന്നില്ല. മരുന്നോ ഭക്ഷണമോ? ഏതാണ് ഞങ്ങൾ തെരഞ്ഞെടുക്കേണ്ടിയിരുന്നത്?' എന്നാണ് കുടുംബം ചോദിക്കുന്നത്.
പഞ്ചായത്ത് മീറ്റിംഗുകളിൽ കുടുംബത്തിന്റെ ദുരിതാവസ്ഥ നിരവധി തവണ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് മെമ്പർ മാനസി ചാറ്റർജി ആരോപിക്കുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറോ മറ്റ് അധികാരികളോ തയാറായിട്ടില്ല.