സെൽഫിയെടുക്കാൻ വന്ദേഭാരത് ട്രെയിനിൽ ചാടിക്കയറി; ഓട്ടോമാറ്റിക് ഡോർ അടഞ്ഞപ്പോൾ കുടുങ്ങി മണിക്കൂറുകൾ യാത്ര

എന്തിനാണ് പടമെടുക്കാൻ ട്രെയിനിന്റെ അകത്തു കയറിയതെന്ന് ചോദിച്ച ടി.ടി.ഇ ഇനി വിശാഖപട്ടണത്തിലേ നിർത്തൂ എന്നും വ്യക്തമാക്കി.

Update: 2023-01-17 15:25 GMT

ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വിവിധ കാരണങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംനേടിയതാണ്. ഇപ്പോൾ ഇതാ അത്തരത്തിൽ മറ്റൊരു സംഭവമാണ് ഹൈദരാബാദിൽ നിന്നും വരുന്നത്.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്തു നിന്നും പുതുതായി ആരംഭിച്ച വന്ദേഭാരത് ട്രെയ്നിൽ സെൽഫിയെടുക്കാനായി കയറിയ വ്യക്തി വാഹനത്തിന്റെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞതോടെ ഇറങ്ങാനാവാതെ കുടുങ്ങി. സെക്കന്തരാബാദിൽ നിന്നുമാണ് ഇയാൾ കയറിയത്.

പലതവണ ശ്രമിച്ചിട്ടും ഡോർ തുറക്കുന്നില്ല. ട്രെയിൻ പ്രയാണം ആരംഭിക്കുകയും ചെയ്തു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങിയ ഇയാളെ കണ്ട് അടുത്തേക്കെത്തിയ ടിക്കറ്റ് മാസ്റ്റർ എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് അമളി പറ്റിയ കാര്യം പറഞ്ഞത്.

Advertising
Advertising

ഒരു സെൽഫിയെടുക്കാൻ കയറിയതാണെന്നും എന്നാൽ ഡോർ അടഞ്ഞെന്നും ഇറങ്ങാൻ പറ്റുന്നില്ലെന്നും അയാൾ ടിക്കറ്റ് മാസ്റ്ററോട് പറഞ്ഞു. ഇതോടെ, എന്തിനാണ് പടമെടുക്കാൻ ട്രെയിനിന്റെ അകത്തു കയറിയതെന്ന് ചോദിച്ച ടി.ടി.ഇ ഇനി വിശാഖപട്ടണത്തിലേ നിർത്തൂ എന്നും വ്യക്തമാക്കി.

ഇതോടെ, മറ്റ് നിവൃത്തിയില്ലാതെ അയാൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. സാധാരണ ട്രെയിൻ പോലെയാണ് ഇതുമെന്ന് കരുതിയാണ് ഇയാൾ ട്രെയിനിൽ കയറിയത്.

ഇറങ്ങാൻ പടികൾ ഇല്ലെന്നു മാത്രമല്ല, ആളുകൾ കയറിയ ശേഷം വാതിലുകൾ ഓട്ടോമാറ്റിക് ആയി അടയുകയും ചെയ്യും എന്നതാണ് ഇയാൾക്ക് വിനയായത്. എന്തായാലും ട്രെയിനിൽ നിന്നിറങ്ങാൻ മണിക്കൂറുകൾ യാത്ര ചെയ്ത് വിശാഖപട്ടണം വരെ പോകേണ്ടിവന്നു അയാൾക്ക്. അതിനു മുമ്പ് നിരവധി തവണ സെൽഫികൾ എടുക്കാൻ സാധിച്ചു എന്നതാണ് ഏക ആശ്വാസം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News