ഓഫീസിൽ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് അടിച്ചുകൊന്ന് യുവാവ്

സഹപ്രവർത്തകൻ മരിച്ചെന്ന് മനസിലായ പ്രതി അവിടെനിന്ന് നേരെ ​പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.

Update: 2025-11-01 16:42 GMT

ബം​ഗളൂരു: ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപ്രവർത്തകനെ ഡംബൽ കൊണ്ട് അടിച്ചുകൊന്ന് യുവാവ്. ബം​ഗളൂരുവിലെ ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന കമ്പനിയുടെ ഓഫീസിൽ ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.

ചിത്രദുർ​ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ സോമലവൻശി (24) ​പൊലീസിൽ കീഴടങ്ങി.

സിനിമാ ഷൂട്ടിങ് വീഡിയോകൾ സൂക്ഷിക്കുന്ന കമ്പനിയുടെ ഓഫീസിൽ രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന ഇരുവരും തമ്മിൽ ജോലി കഴിഞ്ഞിറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയായിരുന്നു.

തർക്കം രൂക്ഷമായതോടെ, വിജയവാഡ സ്വദേശിയായ സോമലവൻശി ഉടൻ ഓഫീസിലിരുന്ന ഡംബൽ എടുത്ത് ഭീമേഷ് ബാബുവിന്റെ തലയ്ക്കടിച്ചു. അടിയിൽ ​ഗുരുതരമായി പരിക്കേറ്റ ഭീമേഷ് ബാബു തത്ക്ഷണം മരിച്ചു.

സഹപ്രവർത്തകൻ മരിച്ചെന്ന് മനസിലായ പ്രതി അവിടെനിന്ന് നേരെ ​ഗോവിന്ദരാജ് പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.

ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News