അവിഹിതബന്ധ സംശയം; ഭാര്യയെ തലയ്ക്കടിച്ചും കഴുത്ത് മുറുക്കിയും കൊലപ്പെടുത്തി രണ്ടാം ഭർത്താവ്

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുനിലിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Update: 2023-09-18 10:05 GMT

ന്യൂഡൽഹി: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി രണ്ടാം ഭർത്താവ്. ഡൽഹിയിലെ പക്കി ഖജുരി പ്രദേശത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 35കാരിയായ ദ്രൗപതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുനിലിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

വിവരമറിഞ്ഞ് തങ്ങൾ വീട്ടിലെത്തുമ്പോൾ മുറിയിലാകെ രക്തക്കറയുണ്ടായിരുന്നതായും യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കിടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തലയിലും നെറ്റിയിലും മുറിവുണ്ടായിരുന്നെന്നും കഴുത്തിൽ തുണി മുറുക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Advertising
Advertising

ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അമ്മയെ അവസാനമായി ജീവനോടെ കണ്ടതെന്നും തുടർന്ന് അവരുടെ മുറിയുടെ വാതിൽ പൂട്ടിയ ശേഷം രണ്ടാനച്ഛനെ കാണാതായെന്നും 15 വയസുകാരിയായ മകൾ പൊലീസിനോട് പറഞ്ഞു. സുനിലും ദ്രൗപതിയും തമ്മിൽ എല്ലാ ദിവസവും വഴക്കായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ജ്യോതിഷ് യാദവ് എന്നയാളുമായിട്ടായിരുന്നു ദ്രൗപതിയുടെ ആദ്യ വിവാഹം. ഇതിൽ ഇവർക്ക് നാല് മക്കളുണ്ട്. 15കാരിയായ മൂത്തമകൾ ദ്രൗപതിക്കൊപ്പവും മറ്റ് മൂന്നു മക്കൾ പിതാവിനൊപ്പം ബിഹാറിലെ മധേപുരയിലുമാണ് താമസം. ഇതിനിടെ, ഏഴ് വർഷമായി സുനിലിനൊപ്പം ജീവിച്ചുവരുന്ന ​ദ്രൗപതിക്ക് ആ ബന്ധത്തിൽ മക്കളില്ല.

അടുത്തിടെ, ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സുനിൽ സംശയിച്ചിരുന്നു. ഈ വിഷയത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് വഴക്ക് കൊലപാതകത്തിൽ കലാശിച്ചത്. മേസ്തിരിയായി ജോലി ചെയ്യുന്ന പ്രതി സുനിലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News