'മനസ്സമാധാനവും കുടുംബവുമാണ് വലുത്'; കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബര്‍ ഡ്രൈവറായി, ഇന്ന് സമ്പാദിക്കുന്നത് മാസശമ്പളത്തേക്കാള്‍ കൂടുതല്‍,കൈയടിച്ച് സോഷ്യല്‍മീഡിയ

വിജയം എന്നത് കൂടുതൽ സമ്പാദിക്കുക മാത്രമല്ല, മികച്ച രീതിയിൽ ജീവിക്കുക കൂടിയാണെന്ന് ദീപേഷിന്‍റെ കഥ ഓര്‍പ്പിക്കുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു

Update: 2025-10-21 11:45 GMT
Editor : Lissy P | By : Web Desk

photo| linkedin

ബംഗളൂരു: ജോലിയാണോ കുടുംബമാണോ വലുത് എന്ന ചോദ്യം ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്തവര്‍‌ ചുരുക്കമാണ്. എന്നാല്‍ കുടുംബത്തെപ്പോലും മറന്ന് ജോലിക്ക് വേണ്ടി ഓടുന്നവരായിരിക്കും കൂടുതല്‍ പേരും. പ്രമോഷനുകളും കോർപ്പറേറ്റ് അംഗീകാരവും തേടി ആളുകൾ ഓടുന്ന ഒരു കാലഘട്ടത്തിൽ ബംഗളൂരുവിലെ ഒരു വ്യക്തിയെടുത്ത അസാധാരണമായ  തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

കുടുംബത്തിനും മനസ്സമാധാനത്തിനും മുൻഗണന നൽകുന്നതിനായി തന്റെ  ഓഫീസ് ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ ഊബര്‍ ഡ്രൈവറായ ദീപേഷിന്റെ കഥ  സംരംഭകനായ വരുൺ അഗർവാൾ എന്നയാളാണ് ലിങ്ക്ഡില്‍ പങ്കുവെച്ചത്. 

Advertising
Advertising

ദീപേഷിന്റെ കഥ 

റിലയൻസ് റീട്ടെയിലിൽ നിന്നാണ് ദീപേഷ് തന്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്,  പ്രതിമാസം 40,000 രൂപയായിരുന്നു ദീപേഷിന്‍റെ ശമ്പളം.  കോർപ്പറേറ്റ് മേഖലയിലുള്ള മറ്റു പലരെയും പോലെ, അദ്ദേഹം തന്റെ ജോലിക്കായി ദീർഘനേരം നീക്കിവച്ചു. പലപ്പോഴും കുടുംബത്തോടൊപ്പവും കുട്ടികള്‍ക്കൊപ്പം പോലും ഇരിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. സ്ഥിരമായ വരുമാനം നേടുന്നതിനിടയിൽ,കൂടുതൽ വിലപ്പെട്ട ഒന്ന് നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കാലക്രമേണ മനസിലാക്കി. ഭാര്യയും കുട്ടികളുമൊത്തുള്ള വിലയേറിയ നിമിഷങ്ങളടക്കം നഷ്ടപ്പെടുന്നത് ദീപേഷിനെ കൂടുതല്‍ വിഷമിപ്പിച്ചു. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം തമ്മിലുള്ള അസന്തുലിതാവസ്ഥ ദീപേഷിനെ കൂടുതല്‍ തളര്‍ത്തി.

ഒടുവില്‍ തന്‍റെ സന്തോഷങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മനസിലാക്കിയ ദീപേഷ് ഓഫീസ് ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ ഊബര്‍ ഡ്രൈവറാകാൻ തീരുമാനിച്ചു. എന്തൊരു മണ്ടന്‍ തീരുമാനമെന്ന് കളിയാക്കിയവര്‍ക്കെല്ലാം ദീപേഷ് കുറഞ്ഞ കാലത്തിനുള്ളില്‍ മറുപടി നല്‍കി.  മാസത്തിൽ 21 ദിവസം വാഹനമോടിക്കുന്നതിലൂടെ, ഏകദേശം 56,000 രൂപയാണ് ദീപേഷ് ഇപ്പോള്‍ സമ്പാദിക്കുന്നത്.മുൻ ശമ്പളത്തേക്കാൾ വരുമാനം കൂടുതല്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞു.ഇതിന് പുറമെ തന്റെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യവും ദീപേഷിന് കിട്ടി. അതുവഴി മാനസികമായ സംതൃപ്തിയും തനിക്ക് വന്നെന്ന് ദീപേഷ് പറയുന്നു. 

ഡ്രൈവറില്‍ നിന്ന് സംരംഭകനിലേക്ക്

തന്റെ സമ്പാദ്യം ഉപയോഗിച്ച് ദീപേഷ് മറ്റൊരു കാർ വാങ്ങി. അതിനൊരു ഡ്രൈവറെയും നിയമിച്ചു. കോർപ്പറേറ്റ് ജീവനക്കാരനിൽ നിന്ന് ഒരു സംരംഭകനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും വിജയം കണ്ടു. ചിലപ്പോൾ ജീവിതത്തിൽ മുന്നേറാനുള്ള ഏറ്റവും നല്ല മാർഗം ഡ്രൈവർ സീറ്റിൽ ഇരിക്കുക എന്നതാണെന്ന് ദീപേഷിന്‍റെ കഥ പങ്കുവെച്ച വരുൺ അഗർവാൾ പറയുന്നു.

കൈയടിച്ച് സോഷ്യല്‍മീഡിയ

ദീപേഷിന്റെ കഥ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായി. വിജയം എല്ലായ്‍പ്പോഴും സ്ഥാനമാനങ്ങളെക്കുറിച്ചോ ശമ്പളത്തെക്കുറിച്ചോ അല്ലെന്ന് ദീപേഷിന്‍റെ കഥ ഓര്‍മ്മിപ്പിക്കുന്നെന്ന് ചിലര്‍ കമന്‍റ് ചെയ്തു. ഡ്രൈവർ സീറ്റ് ഏറ്റെടുത്തുകൊണ്ട്, ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമല്ല, യഥാർത്ഥ സന്തോഷത്തിലേക്കും നയിക്കുന്ന ഒരു വഴി അദ്ദേഹം കണ്ടെത്തിയെന്നും നെറ്റിസണ്‍സ് പറയുന്നു.

"പലപ്പോഴും, എല്ലാം മാറ്റുന്നത് തിരിച്ചറിവിന്റെ നിമിഷമാണ്. എത്രയും നേരത്തെ അത് വരുന്നുവോ അത്രയും എളുപ്പത്തിൽ സമാധാനം കണ്ടെത്താനും നമ്മൾ സ്നേഹിക്കുന്നവരുമായി സന്തോഷകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയും''.ഒരാള്‍ കമന്‍റ് ചെയ്തു. "വിജയം എന്നത് കൂടുതൽ സമ്പാദിക്കുക മാത്രമല്ല, മികച്ച രീതിയിൽ ജീവിക്കുകയുമാണ്. ജീവിതത്തിൽ ദീപേഷ് ശരിക്കും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു" മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News