പണം കൊടുക്കാതെ യുവാവ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് രണ്ടു വര്‍ഷം; 58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം
ഡല്‍ഹി: നയാപൈസ പോലും കൊടുക്കാതെ യുവാവ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് രണ്ടു വര്‍ഷം. ഹോട്ടലിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുഷ് ദത്ത് എന്ന യുവാവ് ഹോട്ടലില്‍ സുഖജീവിതം നയിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം.
603 ദിവസമാണ് അങ്കുഷ് ഹോട്ടലില്‍ താമസിച്ചത്. 58 ലക്ഷം രൂപയാണ് ചെലവായത്. എന്നാല്‍ ഒരു പൈസ പോലും നല്‍കാതെ യുവാവ് ചെക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്‍റ് മേധാവി പ്രേം പ്രകാശ് ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് അങ്കുഷിന് താമസിക്കാന്‍ അവസരം ഒരുക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതിഥികളുടെ താമസം/സന്ദർശനവും അവരുടെ അക്കൗണ്ടുകളും സൂക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഇൻ-ഹൗസ് സോഫ്‌റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിച്ച് ദത്തയിൽ നിന്ന് പ്രകാശിന് കുറച്ച് പണം ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഹോട്ടൽ മാനേജ്‌മെന്‍റിന്‍റെ സംശയം. അങ്കുഷ് ദത്തയും ചില ഹോട്ടല്‍ ജീവനക്കാരും പ്രേം പ്രകാശ് ഉൾപ്പെടെയുള്ളവരും ചേർന്ന് ഒരു ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
2019 മേയ് 30നാണ് ദത്ത് ഹോട്ടലില്‍ മുറിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം മേയ് 31ന് ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം തന്‍റെ താമസം 2021 ജനുവരി 22 വരെ നീട്ടിക്കൊണ്ടിരുന്നു.ഒരു അതിഥിയുടെ കുടിശ്ശിക കുടിശ്ശിക 72 മണിക്കൂറിൽ കൂടുതലാണെങ്കിൽ, സിഇഒയുടെയും ഫിനാൻഷ്യൽ കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശം തേടണമെന്നുമാണ് ഹോട്ടൽ മാനദണ്ഡം .എന്നാല്‍ പ്രകാശ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. എഫ്‌ഐആർ പ്രകാരം, 2019 മേയ് 30 മുതൽ 2019 ഒക്ടോബർ 25 വരെ കുടിശ്ശികയുള്ള പേയ്‌മെന്‍റ് റിപ്പോർട്ടുകളൊന്നും പ്രകാശ് നൽകിയിട്ടില്ല.മറ്റ് അതിഥികളുടെ സെറ്റിൽഡ് ബില്ലുകൾ ഉപയോഗിച്ച് അങ്കുഷിന്‍റെ ബില്ലാക്കി മാറ്റുകയും ചെയ്തു.
10 ലക്ഷം, 7 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകൾ വിവിധ തീയതികളിലായി ദത്ത നൽകിയെങ്കിലും അവയെല്ലാം മടങ്ങിയതിനാൽ പ്രകാശ് ഇക്കാര്യം ഹോട്ടൽ മാനേജ്‌മെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.