Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: ജയിലിൽ കഴിയുമ്പോൾ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൊഹമ്മദ് നസീം ഖലീൽ അൻസാരി എന്ന യുവാവിനാണ് മുംബൈയിലെ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മോഷണക്കേസിൽ ജയിൽ വാസം അനുഭവിക്കുന്നതിനിടെ ഖലീൽ അൻസാരിയെ ജയിലിൽ വന്ന് കാണാതിരുന്നതിനേ ചൊല്ലിയുണ്ട തർക്കത്തിനിടെയാണ് ഇയാൾ ഭാര്യ യാസ്മിൻ ബാനുവിനെ കൊലപ്പെടുത്തിയത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.
2019ലാണ് ഇയാൾ മോഷണ കേസിൽ ജയിലിലായത്. ഈ കേസിൽ 2020 ഫെബ്രുവരി 26നാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ജയിലിൽ ഒരിക്കൽ പോലും വന്ന് സന്ദർശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയേയും അയൽവാസിയുടെ കുട്ടിയേയും ഇയാൾ മർദിച്ചു. അയൽവാസി പൊലീസിനെ വിളിച്ചതോടെ അൻസാരി യാസ്മിൻ ബാനുവിന്റെ വയറിൽ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നാലെ യാസ്മിൻബാനു തളർന്ന് വീണു. ഇതോടെ സമീപത്ത് കിടന്ന കല്ലെടുത്ത് അൻസാരി ഭാര്യയെ മർദിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു.
ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റതാണെന്നും കേസിലെ പ്രധാനസാക്ഷിയായ അയൽവാസിയുമായി മുൻവൈരാഗ്യമുള്ളതിനാൽ പക പോക്കുകയാണെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്. യാസ്മിൻ ബാനുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് യുവതിക്കേറ്റ പരിക്ക് വാഹനാപകടത്തിൽ നിന്നല്ല എന്ന് കോടതി കണ്ടെത്തിയത്.