അറസ്റ്റ്: മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനം രാജിവച്ചു

ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ചു.

Update: 2023-02-28 13:49 GMT
Advertising

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ മുമ്പ് അറസ്റ്റിലായ ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനം രാജിവച്ചു.

ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ചു. രണ്ട് വർഷമോ അതിൽ കൂടുതലോ കാലം തടവിന് ശിക്ഷിക്കപ്പെട്ടാൽ, സിസോദിയയ്ക്കും ജയിനും തങ്ങളുടെ എം.എൽ.എ സ്ഥാനം നഷ്ടമാവുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തീഹാര്‍ ജയിലടച്ചത്.

അതേസമയം, രാജി വച്ച സാഹചര്യത്തിൽ സിസോദിയ വഹിച്ചിരുന്ന ധനകാര്യ വകുപ്പ് കൈലാഷ് ഗഹ്‌ലോട്ടിനും വിദ്യാഭ്യാസ വകുപ്പ് രാജ് കുമാർ ആനന്ദിനും നൽകും.

അതേസമയം, അറസ്റ്റ് ചോദ്യം ചെയ്തുള്ള സിസോദിയയുടെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രികോടതി ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നല്‍കുകയും ചെയ്തു.

മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി എ.എ.പി ഇന്നലെ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്തേക്കുള്ള മാർച്ച് തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച ഡൽഹി പൊലീസ്, വന്‍ സുരക്ഷാ സന്നാഹമൊരുക്കി. ഇത് മറികടന്ന് എ.എ.പി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News