ലിവിങ് പങ്കാളിയെ കൊന്ന് എട്ട് മാസം ഫ്രിഡ്‌ജിൽ സൂക്ഷിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ

വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം

Update: 2025-01-11 11:36 GMT
Editor : banuisahak | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിൽ പങ്കാളിയെ കൊന്ന് എട്ട് മാസം ഫ്രിഡ്‌ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഉജ്ജൈനി നിവാസിയായ സഞ്ജയ് പട്ടീദാർ ആണ് പിടിയിലായത്. വാടകക്കെടുത്ത വീട്ടിലെ ഫ്രിഡ്‌ജിൽ അഴുകിയ നിലയിലായിരുന്നു കൊല്ലപ്പെട്ട പിങ്കി പ്രജാപതി എന്ന യുവതിയുടെ മൃതദേഹം.

സഞ്ജയും പിങ്കിയും കഴിഞ്ഞ അഞ്ച് വർഷമായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇൻഡോറിൽ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇരുവരും 2023 ജൂൺ മുതൽ വാടകക്ക് കഴിഞ്ഞിരുന്നത്. സഞ്ജയ് നേരത്തെ വിവാഹം കഴിച്ചിരുന്നു. ഇതിനിടെയാണ് പിങ്കിയുമായി പ്രണയത്തിലാകുന്നതും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതും. 

Advertising
Advertising

തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കി സഞ്ജയ്‌ക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പിങ്കിക്ക് 30 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറയുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. 

ഒരു വർഷത്തിനുശേഷം സഞ്ജയ് വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങൾ ഒരു പഠനമുറിയിലും മാസ്റ്റർ ബെഡ്‌റൂമിലും സൂക്ഷിച്ചു. പിന്നീട് എടുക്കാമെന്നായിരുന്നു വീട്ടുടമസ്ഥനെ അറിയിച്ചിരുന്നത്. ഇടയ്ക്കിടെ സഞ്ജയ് ഈ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതിനിടെ മറ്റൊരു കുടുംബത്തിന് ഈ വീട് വാടകക്ക് കൊടുത്തിരുന്നു. സഞ്ജയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ മാത്രം പൂട്ടിയിട്ടിരുന്നു. ഇതിനിടെ വൈദ്യുതി മുടങ്ങിയപ്പോൾ ഈ ഭാഗത്ത് നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. 

തുടർന്ന്, വീട്ടുകാർ പരിശോധന നടത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്‌ജിൽ മൃതദേഹം കണ്ടെത്തിയത്. സാരിയും ആഭരണങ്ങളും പിങ്കിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈകൾ രണ്ടും കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സഞ്ജയ് പട്ടീദാറിനെ പിടികൂടുകയുമായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News