ഡല്‍ഹിയില്‍ ഇന്നും വൻ പ്രക്ഷോഭം; യൂത്ത് കോണ്‍ഗ്രസും മാർച്ച് നടത്തും; ആശങ്ക അറിയിച്ച് യുഎൻ
ഡൽഹിയിലെ പ്രതിഷേധക്കാരുടെ കൂട്ട അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധങ്ങൾ നടക്കും. രാവിലെ പത്ത് മണിക്ക് ജന്തർമന്തറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ എവിടെയാണെന്ന ചോദ്യവുമായി ഡൽഹി പൊലീസ് കമ്മീഷണർക്ക് സിജെപി കത്തയച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ സംഘടന, അഭിജീതിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നേതാക്കളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിജെപി, സുപ്രിംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും നൽകിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജനജീവിതം ദുസഹമാകുന്ന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും പ്രതിഷേധത്തിന്റെ പേരിൽ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യം ഉണ്ടാകരുതെന്നും സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്നും കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഡൽഹിയിൽ വൻ സന്നാഹമാണ് മോദി സർക്കാർ ഒരുക്കിയിട്ടുള്ളത്. പതിനായിരത്തോളം പൊലീസുകാരെയും 200 കമ്പനി അർദ്ധസൈനികരെയും വിന്യസിച്ചതിനു പുറമേ ക്യാമറാ നിരീക്ഷണവും ശക്തമാക്കി. ജന്തർമന്ദറിന് സമീപം ഇന്റർനെറ്റ് വിലക്കാനും സാധ്യതയുണ്ട്.
അതേസമയം ഡൽഹിയിലെ പ്രതിഷേധക്കാരുടെ കൂട്ട അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. ഇത് അനാവശ്യമായ ഇടപെടലാണെന്ന് വ്യക്തമാക്കിയ ഇന്ത്യൻ പ്രതിനിധി, വിഷയത്തിൽ നിഷ്പക്ഷമായ വിലയിരുത്തൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.