'ആർക്കും ആരെ വേണമെങ്കിലും വിവാഹം കഴിക്കാം'; നേതാവിനെ പുറത്താക്കിയിട്ടില്ലെന്ന് മായാവതി

സമാജ്‌വാദി എംഎൽഎയുടെ മകളുമായി മകന്റെ വിവാഹം നടത്തിയതിന് ബിഎസ്പി നേതാവിനെ മായാവതി പുറത്താക്കിയെന്ന് വാർത്തകളുണ്ടായിരുന്നു

Update: 2024-12-07 12:51 GMT

ലഖ്‌നൗ: സമാജ്‌വാദി എംഎൽഎയുടെ മകളുമായി മകന്റെ വിവാഹം നടത്തിയതിന് നേതാവിനെ പുറത്താക്കിയ വാർത്ത നിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പിയിൽ ആർക്കും ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്നാണ് മായാവതി പ്രതികരിച്ചത്. റാംപൂർ ബിഎസ്പി അധ്യക്ഷൻ സുരേന്ദ്ര സാഗറിനെ പാർട്ടി പുറത്താക്കിയത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്നും അതിന് വിവാഹവുമായി യാതൊരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ ആയിരുന്നു സുരേന്ദ്ര സാഗറിന്റെ മകനും സമാജ്‌വാദിയുടെ ആലപൂർ എംഎൽഎ ത്രിഭുവൻ ദത്തിന്റെ മകളും തമ്മിലുള്ള വിവാഹം. ഇതിന് പിന്നാലെ സാഗർ പാർട്ടിയിൽ നിന്ന് പുറത്താവുകയും ചെയ്തു. സാഗറിനെയും മറ്റൊരു ബിഎസ്പി നേതാവായ പ്രമോദ് കുമാറിനെയും പാർട്ടി പുറത്താക്കിയിരുന്നു.

Advertising
Advertising

ഇതോടെയാണ് സാഗറിനെ വിവാഹം മൂലം പുറത്താക്കിയതാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. തുടർന്ന് വിഷയത്തിൽ മായാവതി പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.  സാഗറും പ്രമോദും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാർട്ടിക്ക് ദോഷം ചെയ്‌തെന്ന് മായാവതി ചൂണ്ടിക്കാട്ടുന്നു.

മായാവതിയുടെ വാക്കുകൾ:

"ബിഎസ്പി റാംപൂർ മുൻ അധ്യക്ഷൻ സുരേന്ദ്ര സാഗറും നിലവിലെ അധ്യക്ഷൻ പ്രമോദ് കുമാറും തമ്മിൽ വലിയ രീതിയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പാർട്ടിയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. രണ്ട് പേരെയും പുറത്താക്കിയതിന് സാഗറിന്റെ മകന്റെ വിവാഹവുമായി യാതൊരു ബന്ധവുമില്ല. പ്രവർത്തകരുടെ സ്വകാര്യകാര്യങ്ങളിൽ പാർട്ടി ഒരു ഇടപെടലും നടത്താറില്ല. ആർക്കും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തരുടെ ചിന്താഗതി അനുസരിച്ചാണ് അതൊക്കെ നടക്കുക.

ബിസ്പിയിൽ മുമ്പുണ്ടായിരുന്ന മുൻഖാദ് അലിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് ഞാൻ പറഞ്ഞതും വിവാദമായിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മകൾ എസ്പി ടിക്കറ്റിൽ ഉപതെരഞ്ഞടുപ്പിൽ മത്സരിച്ചത് കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ്. വിവാഹപ്പന്തലിൽ വെച്ച് രണ്ട് പാർട്ടികളുടെയും അണികൾ തമ്മിൽ സംഘർഷമുണ്ടാവേണ്ട എന്ന് കരുതിയായിരുന്നു ആ തീരുമാനം". മായാവതി ട്വീറ്റിൽ വ്യക്തമാക്കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News