ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ഇറച്ചിക്കഷ്ണം? വിദ്വേഷ പ്രചരണങ്ങൾക്കിടെ 'യഥാര്‍ഥ പ്രതിയെ' കണ്ടെത്തി പൊലീസ്

ബുധനാഴ്ച രാവിലെയായിരുന്നു തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായി 250 ഗ്രാം മാംസക്കഷ്ണം കണ്ടെത്തിയത്

Update: 2025-02-13 08:01 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തില്‍ മാംസം കണ്ടെത്തിയ സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നതിനിടെ യഥാർഥ പ്രതിയെ കണ്ടെത്തി പൊലീസ്. ഒരു പൂച്ച ആട്ടിറച്ചിയുടെ കഷ്ണം ക്ഷേത്ര പരിസരത്ത് കൊണ്ടിട്ടതാണെന്ന് സിസി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരിക്കുകയാണ്. ഇതോടെ ദിവസങ്ങള്‍ നീണ്ട വ്യാജ പ്രചാരണങ്ങൾക്കാണ് അന്ത്യമായത്.

ബുധനാഴ്ച രാവിലെയായിരുന്നു തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായി 250 ഗ്രാം മാംസക്കഷ്ണം കണ്ടെത്തിയത്. പ്രാര്‍ഥനക്കെത്തിയ ഭക്തര്‍ മാംസം കാണുകയും ക്ഷേത്ര അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ശിവലിംഗത്തിന് സമീപം ആരോ മാംസം വലിച്ചെറിഞ്ഞതായി ഒരു ക്ഷേത്ര കമ്മിറ്റി അംഗം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുകയും ചെയ്തു.

Advertising
Advertising

ഇതോടെ പ്രതിഷേധവുമായി നൂറുകണക്കിന് പേരാണ് രംഗത്തെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) അംഗങ്ങളും നാട്ടുകാരും ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയും സംഭവത്തെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പൂച്ചയാണ് ക്ഷേത്രത്തില്‍ മാംസം കൊണ്ടിട്ടതെന്ന് വ്യക്തമായി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News