ഓട്ടോ ഡ്രൈവറുടെ പ്രതിമാസ വരുമാനം 5 മുതൽ 8 ലക്ഷം വരെ; അതും ഓട്ടോ ഓടിക്കാതെ, സീക്രട്ട് ഇതാണ്!
ഒരു ആപ്പിന്‍റെയോ അത്യാധുനിക സാങ്കേതിക വിദ്യയുടെയോ സഹായമില്ലാതെയാണ് പുതിയ സംരംഭം നടത്തിക്കൊണ്ടുപോകുന്നത്
മുംബൈ: പ്രതിമാസ വരുമാനം 5 ലക്ഷം മുതൽ 8 ലക്ഷം വരെ...ഒരു ഐടി ജീവനക്കാരനോ ഉന്നത കോര്‍പറേറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനോ ആണ് ഈ കനത്ത ശമ്പളമെങ്കിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നില്ല . എന്നാൽ ഒരു ഓട്ടോ ഡ്രൈവറാണ് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് തന്‍റേതായ ഒരു കുഞ്ഞു സംരംഭം കെട്ടിപ്പെടുത്തിയിരിക്കുകയാണ് ഈ ഓട്ടോക്കാരൻ.
ഒരു ആപ്പിന്‍റെയോ അത്യാധുനിക സാങ്കേതിക വിദ്യയുടെയോ സഹായമില്ലാതെയാണ് പുതിയ സംരംഭം നടത്തിക്കൊണ്ടുപോകുന്നത്. യാതൊരു മുതൽമുടക്കുമില്ല എന്നതാണ് മറ്റൊരു സവിശേഷത. ലെൻസ്കാർട്ടിലെ പ്രൊഡക്റ്റ് ലീഡറും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാനിയാണ് ഈ കഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിനുള്ളില്‍ വിസ അപേക്ഷകള്‍ നല്‍കാനായി എത്തുന്നവര്‍ക്ക് ബാഗുകള്‍ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഈ അവസരമാണ് ഓട്ടോ ഡ്രൈവര്‍ പ്രയോജനപ്പെടുത്തുന്നത്. ആയിരക്കണക്കിന് വിസ അപേക്ഷകരാണ് എല്ലാ ദിവസവും കോണ്‍സുലേറ്റില്‍ എത്തുന്നത്. ബാഗുകള്‍ കോണ്‍സുലേറ്റിന് ഉള്ളിലേക്ക് കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് സമീപത്തായി ഔദ്യോഗികമായി ലോക്കര്‍ സംവിധാനമൊന്നുമില്ല. രേഖകളും ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് വസ്തുക്കളും സ്വകാര്യ വസ്തുക്കളും കയ്യില്‍ കരുതുന്നത് ഇവിടെയത്തുമ്പോള്‍ തലവേദനയാകും. ഈ ബാഗുകൾ ഓട്ടോയിൽ സൂക്ഷിക്കുന്ന ജോലിയാണ് ഡ്രൈവര്‍ ചെയ്യുന്നത്.
"ഈയാഴ്ച മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി എനിക്ക് പോകേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നോട് ബാഗ് ഉള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. പകരം ലോക്കര്‍ സംവിധാനങ്ങളൊന്നുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഫുട്പാത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ എന്നെ കൈവീശി വിളിക്കുന്നത്. സര്‍ ബാഗ് എന്നെ ഏല്‍പ്പിച്ചോളൂ. ഞാന്‍ സുരക്ഷിതമായി സൂക്ഷിക്കാം. എല്ലാ ദിവസവും ഞാന്‍ ഇപ്രകാരം ചെയ്യുന്നുണ്ട്. പകരം വെറും ആയിരം രൂപ മാത്രം നല്‍കിയാല്‍ മതിയാകും എന്ന് അയാൾ പറഞ്ഞു," രൂപാണി പോസ്റ്റിൽ പറഞ്ഞു.
ദിവസേന 20 മുതൽ 30 വരെ ബാഗുകൾ ലഭിക്കുന്നതിലൂടെ, ഡ്രൈവർക്ക് ഒരു ദിവസം ₹20,000 മുതൽ ₹30,000 വരെ വരുമാനം ലഭിക്കുന്നു. ഇത് പ്രതിമാസം ₹5 ലക്ഷം മുതൽ ₹8 ലക്ഷം വരെയാകുന്നു. ഓട്ടോ ഓടിക്കാതെയാണ് ഈ വരുമാനം എന്നത് ശ്രദ്ധേയമാണ്. ഓട്ടോയിൽ കൂടുതൽ ബാഗുകൾ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ സമീപത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ചെറിയൊരു ലോക്കര്‍ സംവിധാനവും ഓട്ടോ ഡ്രൈവര്‍ തുടങ്ങിയിട്ടിട്ടുണ്ട്. ഓട്ടോയാണ് ഫ്രണ്ട് ഡെസ്കായി പ്രവർത്തിക്കുന്നത്.