വ്യായാമം നിർത്താൻ ആവശ്യപ്പെട്ടു; മാനസിക രോഗിയായ മകൻ അമ്മയെ ഡംബൽ കൊണ്ടടിച്ച് കൊലപ്പെടുത്തി

രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരിക്കും ഗുരുതര പരിക്ക്

Update: 2022-01-25 04:20 GMT
Editor : Lissy P | By : Web Desk

വ്യായാമം നിർത്താൻ ആവശ്യപ്പെട്ട അമ്മയെ മാനസികരോഗിയായ മകൻ ഡംബൽ ഉപയോഗിച്ച് കൊലപ്പെടുത്തി. കൊണ്ടപാപ്പമ്മയെയാണ് (45)മകനായ സുധീർ കുമാർ (24) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഹൈദരബാദിലെ സുൽത്താൻ ബസാറിലാണ് സംഭവം. പുലർച്ചെ രണ്ടുമണിക്കും സുധീർ വ്യായാമം ചെയ്യുന്നത് കണ്ട കൊണ്ടപാപ്പമ്മ  നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അസ്വസ്ഥനായാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി സുചിത്രയെയും അയാൾ ഡംബൽ ഉപയോഗിച്ച് പരിക്കേൽപിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സുധീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ സുധീറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അടുത്തിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബിരുദ പഠനത്തിന് ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീർ ജോലി ചെയ്തിരുന്നത്. എന്നാൽ ഒരു വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് വീട്ടിൽ കഴിയുകയായിരുന്നു. സുധീറിന്റെ പിതാവ് മരിച്ചതിന് ശേഷമാണ് ഇയാൾ അമ്മക്കും സഹോദരിക്കുമൊപ്പം  താമസിക്കാൻ തുടങ്ങിയത്‌. പാപ്പമ്മ വീട്ടുജോലിക്കാരിയായും സുചിത്ര വസ്ത്രക്കടയിൽ സെയിൽസ് ഗേളായും ജോലി ചെയ്തുവരികയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News