'എന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നു'; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നു പ്രധാനമന്ത്രി

Update: 2023-07-20 05:33 GMT
Advertising

ന്യൂഡൽഹി: മണിപ്പൂരിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സർക്കാറുകൾ ഉണർന്നുപ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി മോദി നിർദേശിച്ചു. പാർലമെൻറിലെ വർഷകാല സമ്മേളനം വിജയകരമാക്കിത്തീർക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ബില്ലുകൾ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് ഓർമിപ്പിച്ചു.

അതേസമയം, മണിപ്പൂരിൽ നടന്ന ലൈംഗികാതിക്രമം ദുഖകരമെന്ന് സുപ്രിംകോടതി പറഞ്ഞു. സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സർക്കാർ കടുത്ത നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്ററ്റീസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കർശനനടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു.

ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകി.

ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് നാലു മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്തെയ്-കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

'My heart is filled with sorrow and anger'; Prime Minister Narendra modi breaks his silence on Manipur issue

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News