നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം കൊണ്ട് ജയിക്കാനാവില്ലെന്ന് യെദിയൂരപ്പ

ഉപതെരഞ്ഞെടുപ്പുകളില്‍ അനായാസം ജയിച്ചുകയറാമെന്ന് കരുതരുത്. മോദി തരംഗത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് പലരും. അത് നടക്കില്ല, കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ജയിക്കാനാവൂ എന്നും യെദിയൂരപ്പ പറഞ്ഞു.

Update: 2021-09-23 12:53 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗംകൊണ്ട് ജയിക്കാനാവില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗംകൊണ്ട് ജയിക്കാനാവും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുകൊണ്ട് വലിയ കാര്യമില്ല. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് യെദിയൂരപ്പ മോദി തരംഗത്തെ തള്ളിയത്. അതേസമയം അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രിയാവുമെന്നും അതില്‍ സംശയമില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് ബി.ജെ.പി സംസ്ഥാന ക്യാമ്പ് സംഘടിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് യെദിയൂരപ്പ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ അനായാസം ജയിച്ചുകയറാമെന്ന് കരുതരുത്. മോദി തരംഗത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് പലരും. അത് നടക്കില്ല, കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ജയിക്കാനാവൂ എന്നും യെദിയൂരപ്പ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. അടിസ്ഥാനതലത്തില്‍ നിന്നു തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി മോര്‍ച്ചകളെ ശക്തിപ്പെടുത്തി കൂടുതല്‍ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഒരു മാസം താന്‍ കര്‍ണാടക മുഴുവന്‍ പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ 140 സീറ്റുകളില്‍ വിജയിക്കാന്‍ നമുക്കാവണം. അതിനായി എം.എല്‍.എമാരും മറ്റു നേതാക്കളും ജനപ്രതിനിധികളും തനിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News