ഫേക്ന്യൂസുകൾ പൊളിച്ചടുക്കിയ മുഹമ്മദ് സുബൈറിന് വധഭീഷണിയുമായി സംഘപരിവാർ പ്രൊഫൈലുകൾ

ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ച നുണകളും ഫേക് ന്യൂസുകളും സുബൈർ പൊളിച്ചടുക്കിയത് ചർച്ചയായിരുന്നു

Update: 2025-05-13 09:47 GMT

ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന് സംഘപരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ നിന്ന് വധഭീഷണി. ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ച നുണകളും ഫേക് ന്യൂസുകളും മുഹമ്മദ് സുബൈർ പൊളിച്ചടുക്കിയത് ചർച്ചയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് സുബൈറിനെതിരെ സൈബറാക്രമണം വീണ്ടും ഉണ്ടായത്. ഇതിന്റെ പിന്നാലെയാണ് സുബൈറിന്റെ മേൽവിലാസമടക്കമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണിസന്ദേശങ്ങൾ അയക്കുകയും ചെയ്തത്.

എക്സിലൂടെ വധഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുഹമ്മദ് സുബൈർ ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് (ഈസ്റ്റ്) പരാതി നൽകി. തന്റെ മതവികാരം വ്രണപ്പെടുത്തുന്നതിനായി ചില സംഘ്പരിവാർ, ഹിന്ദുത്വ അക്കൗണ്ടുകൾ സ്വകാര്യ വിവരങ്ങൾ, വിലാസം, കോൺടാക്റ്റ് നമ്പർ എന്നിവ പ്രചരിപ്പിച്ച് വീട്ടിലേക്ക് പന്നിമാംസം അയക്കാൻ അഹ്വാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഐടി ആക്ടടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.

Advertising
Advertising

മേൽ വിലാസവും ഫോൺ നമ്പറും വെളിപ്പെടുത്തുന്ന ട്വീറ്റുകൾ തന്നെ അപകടപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ തനിക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് കാരണമാകും. സുബൈർ പരാതിയിൽ പറയുന്നു. മുൻകാലങ്ങളിലും തനിക്ക് പരസ്യമായി നിരവധി വധഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുബൈർ പൊലീസിനോട് പറഞ്ഞു.

ഓൺലൈൻ ആക്രമണങ്ങൾ ഇപ്പോൾ നേരിട്ടുള്ള ഭീഷണിയായി മാറിയിട്ടുണ്ടെന്നും സുബൈർ വെളിപ്പെടുത്തി. ​നേരത്തെയും വിവിധ അക്കൗണ്ടുകൾക്കെതിരെ 2023 ൽ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ കേസ് അവസാനിപ്പിച്ചതായും സുബൈർ പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News