ലഹരിപ്പാര്‍ട്ടി: എന്‍സിബി ഉദ്യോഗസ്ഥരെത്തിയത് യാത്രക്കാരെന്ന വ്യാജേന, പിടിയിലായവരില്‍ വ്യവസായ പ്രമുഖരുടെ മക്കളും

പിടിയിലായ മൂന്ന് യുവതികള്‍ ഡല്‍ഹി സ്വദേശികളാണ്. ഇവര്‍ പ്രമുഖ വ്യവസായികളുടെ മക്കളാണെന്നാണ് പുറത്തുവരുന്ന വിവരം

Update: 2021-10-03 07:11 GMT

മുംബൈ തീരത്തുനിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 13 പേര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. ഇവരില്‍ മൂന്ന് യുവതികള്‍ ഡല്‍ഹി സ്വദേശികളാണ്. ഇവര്‍ പ്രമുഖ വ്യവസായികളുടെ മക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി ചോദ്യംചെയ്യുകയാണ്.

ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം. കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍  എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി. 

Advertising
Advertising

"രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്‍റെ ഫലമാണിത്. ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങള്‍ വ്യക്തമായി"- എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്യുകയാണ്. ആര്യൻ ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആര്യൻ ഖാന്‍റെ ഫോൺ പിടിച്ചെടുത്തെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ഫോണില്‍ നിന്നും ലഹരിമരുന്ന് ഇടപാടിനെ കുറിച്ച് വിവരം ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തും. മുംബൈ ക്രൂയിസ് കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും മൊബൈൽ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഇവരെ ചോദ്യംചെയ്യാനായി മുംബൈയിലെ എന്‍സിബി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് കൊർഡേലിയ കപ്പലിന്‍റെ സി.ഇ.ഒ ജുർഗെന്‍ ബായ്‍ലോം വ്യക്തമാക്കി. ചില യാത്രക്കാരുടെ ബാഗില്‍ നിന്നാണ് ലഹരിവസ്തുക്കല്‍ കണ്ടെത്തിയത്. ഇവരെ കപ്പലില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് കപ്പല്‍ യാത്ര തുടര്‍ന്നെന്നും മറ്റു യാത്രക്കാര്‍ക്കുണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സിഇഒ അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News