Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഡെറാഡൂൺ: ഉത്തരാഖണ്ഡ് രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചില്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള മുസ്‍ലിം പള്ളി സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് വനംവകുപ്പ് അധികൃതർ അടച്ചുപൂട്ടി. 'വാൻ മസ്ജിദ്' എന്നറിയപ്പെടുന്ന പള്ളിയാണ് വനംവകുപ്പ് അധികൃതർ അടച്ചുപൂട്ടിയത്.
ടൈഗർ റിസർവിനകത്ത് മനുഷ്യ പെരുമാറ്റം അനുവദിക്കാനാവില്ലെന്ന സെപ്റ്റംബർ മൂന്നിലെ സപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജയ് ധ്യാനി പറഞ്ഞു. ടൈഗർ റിസർവിലെ പള്ളിയെ വനംവകുപ്പ് എതിർത്തപ്പോൾ മുസ്‌ലിം സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നുവെന്നും എന്നാൽ കോടതി സർക്കാറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവ് വന്നതോടെ പൊലീസിന്റെ സാന്നിധ്യത്തിൽ പള്ളി അടച്ചുപൂട്ടിയതായും പുറത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'വാൻ മസ്ജിദ്' എന്നറിയപ്പെടുന്ന പള്ളി റിസർവ് സ്ഥാപിക്കുന്നതിന് മുമ്പുതന്നെ നിലവിലുണ്ടായിരുന്നുവെന്നാണ് മുസ്‌ലിം സംഘടനകൾ അവകാശപ്പെടുന്നത്. പള്ളി കമ്മിറ്റി നിയമപരമായ ഉടമസ്ഥാവകാശത്തിന്റെ ഒരു രേഖാമൂലമുള്ള തെളിവും സമർപ്പിച്ചിട്ടില്ലെന്നാണ് വനം അധികൃതർ വാദിക്കുന്നത്. റിസർവിനുള്ളിൽ ഇത്തരത്തിലുള്ള നിർമാണങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധി കർശനമായി പാലിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് കഴിഞ്ഞ മാസങ്ങളിൽ 552 അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുകയും 242 മദ്രസകൾ പൂട്ടുകയും ചെയ്തിരുന്നു. 9000 ഏക്കറിലധികം സർക്കാർ ഭൂമി തിരിച്ചുപിടിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുപ്രിംകോടതി നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനാൽ വാൻ മസ്ജിദ് ഇപ്പോഴും പൂട്ടിയിരിക്കുകയാണ്. കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ അവിടെ ഒരു തരത്തിലുള്ള പ്രവർത്തനവും അനുവദിക്കില്ലെന്നാണ് അധികാരികൾ ആവർത്തിച്ച് പറയുന്നത്.