യു.പിയിൽ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃതം പരീക്ഷയിൽ ഒന്നാമനായി മുഹമ്മദ് ഇർഫാൻ
82.71% മാർക്ക് നേടിയ ഇർഫാൻ 13,738 വിദ്യാർഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം നേടിയത്.
ലഖ്‌നോ: ഉത്തർപ്രദേശിലെ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃതം പരീക്ഷയിൽ ഒന്നാമനായി മുഹമ്മദ് ഇർഫാൻ. യു.പിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകനാണ് ഇർഫാൻ. 82.71% മാർക്ക് നേടിയ ഇർഫാൻ 13,738 വിദ്യാർഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം നേടിയത്.
സംസ്‌കൃത ഭാഷയും സാഹിത്യവും യു.പിയിൽ നിർബന്ധിത പാഠ്യവിഷയങ്ങളാണ്. സംസ്‌കൃത അധ്യാപകനാവുകയാണ് തന്നെ സ്വപ്‌നമെന്ന് ഇർഫാൻ പറഞ്ഞു. 10, 12 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 വിദ്യാർഥികളിൽ ഏക മുസ്‌ലിമാണ് മുഹമ്മദ് ഇർഫാൻ.
ഫീസ് താങ്ങാൻ കഴിയുന്ന ഏക സ്‌കൂളായതുകൊണ്ടാണ് സമ്പൂർണാനന്ദ് സംസ്‌കൃത സ്‌കൂളിൽ മകനെ ചേർത്തതെന്ന് പിതാവ് സലാഹുദ്ദീൻ പറഞ്ഞു. പഠനത്തിൽ ഇർഫാൻ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്‌കൂളിലെ ആദ്യ ദിവസം മുതൽ സംസ്‌കൃത ഭാഷയിൽ അതീവ താൽപാര്യമുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു.