അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ റാക്കറ്റ് പിടിയില്‍; 490 ഫോണുകൾ പിടിച്ചെടുത്തു

മോഷ്ടിച്ച ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകള്‍ മാറ്റിയാണ് മറിച്ചുവിറ്റിരുന്നത്

Update: 2022-07-17 08:21 GMT
Advertising

മുംബൈ: അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ റാക്കറ്റ് പിടിയില്‍. മോഷ്ടിക്കപ്പെട്ട 490 സ്മാര്‍ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 9.5 കിലോ കഞ്ചാവും 174 മദ്യക്കുപ്പികളും രണ്ട് വാളുകളും ഉള്‍പ്പെടെ 74.78 ലക്ഷം രൂപയുടെ സാധനങ്ങളാണ് പിടികൂടിയത്.

മെഹബൂബ് ഖാൻ എന്നയാള്‍ മോഷ്ടിച്ച ഫോണുകൾ കൈകാര്യം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മെഹബൂബ് ഖാന്‍റെ മഹാരാഷ്ട്ര നഗറിലെ മാൻഖുർദില്‍  വീട്ടിലായിരുന്നു റെയ്ഡ്. ഐ.എം.ഇ.ഐ നമ്പർ മാറ്റാനും മോഷ്ടിച്ച ഫോണുകൾ പുതുക്കിപ്പണിയാനും സഹായിച്ച ഫയാസ് ഷെയ്ഖ് എന്നയാളും അറസ്റ്റിലായി.

നഗരത്തിലെ കവർച്ചക്കാരിൽ നിന്നും മോഷ്‌ടാക്കളിൽ നിന്നും മോഷ്ടിച്ച സ്മാര്‍ട് ഫോണുകള്‍ വാങ്ങുകയാണ് മെഹബൂബും സംഘവും ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണുകളുടെയെല്ലാം ഐ.എം.ഇ.ഐ നമ്പറുകൾ മാറ്റിയതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ ഫോണുകള്‍ പ്രതികള്‍ മറിച്ചുവിറ്റു.

മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ പ്രതി തന്റെ വസതിയോട് ചേർന്ന് മറ്റൊരു മുറി വാടകയ്‌ക്കെടുത്തിരുന്നു. കുറ്റകൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം, വഞ്ചന, എൻ‌ഡി‌പി‌എസ് നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവയ്‌ക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ ആക്ടിംഗ് സീനിയർ ഇൻസ്‌പെക്ടർ രവീന്ദ്ര സലുഖെ പറഞ്ഞു.

മുംബൈയിൽ പ്രതിദിനം 134 മൊബൈൽ ഫോണുകൾ കാണാതാകുന്നുവെന്നും മൂന്ന് ശതമാനം മാത്രമേ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുള്ളൂവെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2019ൽ മുംബൈയിൽ 43,397 ഫോണുകൾ കാണാതായി. 2020ൽ 39,819 ഫോണുകളും 2021ൽ 51,030 ഫോണുകളും കാണാതായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കാണാതായ ഫോണുകളിൽ 15 ശതമാനം മാത്രമാണ് വീണ്ടെടുക്കാനായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News