ഞെട്ടിച്ചൊരു സൈബർതട്ടിപ്പ്; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് 20 കോടി!

നിയമവിരുദ്ധമായ പല കാര്യങ്ങൾക്കും ആധാർ കാർഡ് ഉപയോഗിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു

Update: 2025-03-17 10:49 GMT
Editor : rishad | By : Web Desk

മുംബൈ: സൈബർലോകത്തെ 'ഞെട്ടിച്ചൊരു തട്ടിപ്പ്'. ഒന്നും രണ്ടുമല്ല, 20 കോടിയാണ് ദക്ഷിണ മുംബൈ സ്വദേശിനിയായ 86കാരിയിൽ നിന്ന് തട്ടിയെടുത്തത്. ആധാർ കാർഡ് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഇവരെ സമീപിക്കുന്നത്.

നിയമവിരുദ്ധമായ പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നും താങ്കൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. മകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. നിയമനടപടികളൊഴിവാക്കാൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കാനും ആവശ്യപ്പെട്ടു.

Advertising
Advertising

ഇങ്ങനെ രണ്ട് മാസം കൊണ്ടാണ് 20 കോടി ഇവരിൽ നിന്നും സംഘം കൈക്കലാക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് ഇവർ പണം കൈമാറിത്തുടങ്ങിയത്. ഈ മാർച്ച് മൂന്ന് വരെ, തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം കൊടുത്തു. എന്നാൽ പിന്നീട് പന്തികേട് തോന്നിയ വീട്ടുകാർ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് അറിയുന്നത്. 

കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് തട്ടിപ്പുകാരെ പിടികൂടുകയും ചെയ്തു. അക്കൗണ്ട് നമ്പറിന് പിന്നാലെ പോയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നു. അതേസമയം തട്ടിപ്പിനിരയായ 86കാരിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഡിജിറ്റല്‍ അറസ്റ്റെന്ന് പറയുന്ന കോളുകളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊലീസോ യുഐഡിഎഐ ഉദ്യോഗസ്ഥരോ ഒരിക്കലും നിങ്ങളെ വ്യക്തിഗത വിവരങ്ങൾ, ഒടിപികൾ, നിങ്ങളുടെ ഉപകരണത്തിലേക്കുള്ള റിമോട്ട് ആക്‌സസ് എന്നിവ ആവശ്യപ്പെട്ട് വിളിക്കില്ലെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇത്തരം സംശയാസ്പദമായ ഫോൺകോളുകളോട് ജനങ്ങൾ പ്രതികരിക്കരുതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ സമീപിക്കാനും പരാതിപ്പെടാനും മടിക്കുകയുമരുത്.  അതേസമയം നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സൈബര്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നത് പൊലീസിനെയും കുഴക്കുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News