പച്ചക്കടലായി ചെന്നൈ; മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

മതംകൊണ്ട് വെറുപ്പ് പടര്‍ത്താന്‍ ശ്രമിക്കുന്നവരെ പാഠംപഠിപ്പിക്കാനുള്ള അവസരമാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചു

Update: 2023-03-11 02:40 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോല്‍പിക്കാന്‍ ദ്രാവിഡ മോഡൽ രാഷ്ട്രീയം ദേശവ്യാപകമായി വ്യാപിപ്പിക്കണമെന്ന ആഹ്വാനവുമായി മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സമാപനം. മതംകൊണ്ട് വെറുപ്പ് പടര്‍ത്താന്‍ ശ്രമിക്കുന്നവരെ പാഠംപഠിപ്പിക്കാനുള്ള അവസരമാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പെന്നും എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും സമ്മേളനത്തിൽ മുഖ്യാതിഥിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. സ്റ്റാലിനാണ് ഇന്ത്യയ്‍ക്ക് മാതൃകയെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും  പറഞ്ഞു.

ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിനു മുസ്‍ലിം ലീഗ് പ്രവർത്തകർ ആവേശക്കടലായി മാറിയപ്പോൾ അതൊരു പുതിയ  രാഷ്ട്രീയ മുന്നേറ്റത്തിനുള്ള പ്രഖ്യാപനം കൂടിയായി. 75 വര്‍ഷം മുന്‍പ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്‍റെ നേതൃത്വത്തില്‍ മുസ്‍ലിം ലീഗ് പിറന്ന പഴയ രാജാജി ഹാളടക്കം സമ്മേളനത്തിനു വേദിയായി.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെയും തമിഴ്നാട് മോഡലിന്‍റെയും പ്രസക്തി വിളിച്ചോതിയ സമാപനസമ്മേളനത്തില്‍ എം.കെ സ്റ്റാലിന്‍ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. മതേതരകക്ഷികളെ ഒരുമിപ്പിച്ച ദ്രാവിഡ മാതൃകയില്‍ സംഘ്പരിവാർ രാഷ്ട്രീയത്തെ തുരുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സ്റ്റാലിന്‍ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. മുസ്‍ലിംകളും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തകർക്കാൻ ആർക്കുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരപരാധികളായ മുസ്‍ലിംകളെ പത്തും ഇരുപതും കൊല്ലം വിചാരണയില്ലാതെ തടവിലിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമം പാസാക്കിയിട്ടും അനുമതി ലഭിക്കുന്നില്ല. ഇന്ത്യയുടെ വൈവിധ്യവും സാമൂഹികനീതിയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ നാം ഒരുമിച്ചുനിൽക്കണം. ദ്രാവിഡ ഭരണമാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണം- സ്റ്റാലിൻ പറഞ്ഞു.

'അണ്ണാദുരൈയും കരുണാനിധിയും ഇസ്‍ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയത്. കലൈഞ്ജറെയും അണ്ണാ അവർകളെയും വളർത്തിയത് ഇസ്‍ലാമിക സമൂഹമാണ്. ചെറുപ്പത്തിൽ മുസ്‍ലിംകള്‍ മികച്ച പിന്തുണയും സഹകരണവും നൽകിയിട്ടുണ്ട്.'-സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‍ലിം ലീഗ് ഒരു സമ്മേളനത്തിനു വിളിച്ചാൽ തനിക്കു വരാതിരിക്കാനാകില്ലെന്ന് ഹര്‍ഷാരവങ്ങള്‍ക്കിടെ സ്റ്റാലിന്‍ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇനിയും എത്രതവണ വിളിച്ചാലും വരും. നവംബറിൽ ലീഗ് ഡൽഹിയിൽ വിളിച്ചുചേർക്കുന്ന മഹാസമ്മേളനത്തിലും പങ്കെടുക്കും. നിങ്ങളിൽ ഒരുവനായാണ് ഞാൻ വന്നത്. ഈ പരിപാടിയിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദിയുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Full View

സമാപന സംഗമത്തില്‍ ഏക സിവിൽ കോഡിന് സഹായകരമായ ഭരണഘടനയുടെ 44-ാം അനുഛേദം ഒഴിവാക്കണമെന്നതടക്കമുള്ള പ്രമേയങ്ങള്‍ പാസാക്കി. ദേശീയ അധ്യക്ഷന്‍ ഖാദർ മൊയ്തീൻ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, നവാസ് ഗനി, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, മറ്റ് നേതാക്കളായ ഖുര്‍റം അനീസ് ഉമര്‍, കെ.എ.എം അബൂബക്കർ, ഫാത്തിമ മുസഫർ, തമിഴ്‌നാട് മന്ത്രിമാരായ സുബ്രഹ്മണ്യൻ, ജിഞ്ചീ മസ്താൻ, സി.പി.എം നേതാവ് ബാലകൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു.

Summary: Muslim League Platinum Jubilee Conference concludes at YMCA Ground, Kottivakkam, Chennai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News