ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ വെള്ളം വിതരണം ചെയ്ത് മുസ്‌ലിം യുവാക്കൾ

വ്യത്യസ്ത മതവിഭാഗക്കാർക്കിടയിൽ സ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാമനവമി ആഘോഷത്തിന് സ്വീകരണമൊരുക്കിയതെന്ന് സംഘത്തിനു നേതൃത്വം നൽകിയ ഷാനവാസ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു

Update: 2022-04-11 11:35 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ബംഗാളിൽ രാമനവമി ആഘോഷിക്കുന്ന വിശ്വാസികളെ വെള്ളം നൽകി സ്വീകരിച്ച് മുസ്‌ലിം യുവാക്കൾ. ഡൽഹിയിലും മധ്യപ്രദേശിലുമടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാമനവമി ആഘോഷം വർഗീയ ലഹളയിലേക്ക് നീങ്ങുമ്പോഴാണ് ബംഗാളിലെ സിലിഗുരിയിൽനിന്ന് മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ച.

രാമനവമി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു ഒരുസംഘം മുസ്‌ലിം യുവാക്കൾ കുടിവെള്ളം നൽകി ഹിന്ദു വിശ്വാസികളെ സ്വീകരിച്ചത്. 4,000 കുപ്പി വെള്ളമാണ് ഇവർ വിതരണം ചെയ്തത്. പരസ്പരം ആലിംഗനം ചെയ്തും സ്‌നേഹം പങ്കുവച്ചുമാണ് ഇവർ ആഘോഷക്കാരെ വരവേറ്റത്. സ്വീകരണത്തിന് റാലിക്കെത്തിയവർ നന്ദി പറയുകയും ചെയ്തു.

വ്യത്യസ്ത മതവിഭാഗക്കാർക്കിടയിൽ സ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാമനവമി ആഘോഷത്തിന് സ്വീകരണമൊരുക്കിയതെന്ന് സംഘത്തിനു നേതൃത്വം നൽകിയ ഷാനവാസ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. രാമനവമിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തങ്ങൾ യോഗം ചേർന്നിരുന്നു. ഇതിലാണ് വെള്ളം വിതരണം ചെയ്ത് ആഘോഷക്കാരെ വരവേൽക്കാമെന്ന് തീരുമാനിച്ചത്. റാലിയിൽ പങ്കെടുക്കുന്ന പലരും വിദൂരദിക്കുകളിൽനിന്ന് വരുന്നവരായതിനാൽ എല്ലാവർക്കും ആശ്വാസമാകുമെന്ന് കരുതിയാണ് കുടിവെള്ളം വിതരണം ചെയ്തതെന്നും ഷാനവാസ് പറഞ്ഞു.

ഇന്ത്യ നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്ന രാജ്യമാണ്. എല്ലാവരുടെ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ ആസ്വദിക്കുന്നു. ഇപ്പോൾ ഈ റമദാൻ മാസത്തിലും രാമനവമിയുടെ ഭാഗമാകാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. മതവ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി സൗഹാർദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്ന് സംഘാടകരിൽപെട്ട സദ്ദാം ഖുറേഷി പറഞ്ഞു.

Summary: Muslim youths offer water bottles in Ram Navami procession in Siliguri in West Bengal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News