ധർമസ്ഥല ദുരൂഹ മരണങ്ങൾ; ബോളിയാർ വനത്തിൽ തിരച്ചിൽ തുടങ്ങി
ഇതുവരെ 14 സ്ഥലങ്ങളിൽ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയിട്ടുണ്ട്
മംഗളൂരു: ധർമസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൂടുതൽ തെളിവുകൾ തേടി ധർമ്മസ്ഥല ഗ്രാമത്തിലെ ബൊളിയാർ വനമേഖലയിൽ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു.
പരാതിക്കാരനായ സാക്ഷിയും അന്വേഷണത്തിലെ മറ്റുള്ളവരും, എസ്‌ഐടി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പുത്തൂർ അസി.കമ്മീഷണർ സ്റ്റെല്ല വർഗീസ്, എസ്‌ഐടി എസ്‌പി ജിതേന്ദ്ര കുമാർ ദയാമ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സാക്ഷിയോടൊപ്പം ഉണ്ടായിരുന്നു. കുറച്ച് തൊഴിലാളികളും സംഘത്തോടൊപ്പം കാട്ടിലേക്ക് പ്രവേശിച്ചു.
ഇതുവരെ 14 സ്ഥലങ്ങളിൽ മൃതദേഹം പുറത്തെടുക്കൽ നടപടികൾ നടത്തിയിട്ടുണ്ട്. സാക്ഷി തുടക്കത്തിൽ 13 സ്ഥലങ്ങൾ എസ്‌ഐടി സംഘത്തിന് കാണിച്ചുകൊടുത്തിരുന്നു. പിന്നീട് രണ്ട് സ്ഥലങ്ങളിൽ കൂടി മൃതദേഹം പുറത്തെടുക്കൽ നടത്തി.
എന്നാൽ സൈറ്റ് നമ്പർ 13 ൽ തിരച്ചിൽ നടത്തിയിട്ടില്ല. ഇതുവരെ ആറാമത്തെ സ്ഥലത്ത് നിന്ന് അസ്ഥികൂട അവശിഷ്ടങ്ങളും കാണിച്ച 11-ാം സ്ഥലത്തിന് സമീപമുള്ള വനത്തിനുള്ളിൽ അധികം പഴക്കമില്ലാത്ത തലയോട്ടി ഉൾപ്പെടെ 100-ലധികം അസ്ഥികളും എസ്‌ഐടി സംഘം കണ്ടെത്തിയിട്ടുണ്ട്.
മറ്റ് സ്ഥലങ്ങളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.