Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ആർഎസ്എസിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർഎസ്എസ് ആൽമരം പോലെ ശക്തമാണെന്നും ഹെഡ്‌ഗേവാറും ഗോൾവാൾക്കറും ആർആസ്എസിന്റെ നെടുംതൂണെന്നും മോദി പറഞ്ഞു. നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.
ബിജെപിയും ആർഎസ്എസും തമ്മിലുള്ള ആഭ്യന്തര സംഘർഷങ്ങൾക്കിടെയാണ് മോദിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനം. രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് സ്വീകരിച്ചത്. ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദിയെ മേധാവി മോഹൻ ഭാഗവത്തും സ്വീകരിച്ചു.
2013ലാണ് ഇതിന് മുമ്പ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായും. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ മോദി ആദരാജ്ഞലി അര്‍പ്പിച്ചു . ശേഷം മോഹൻ ഭാഗവതുമായി കൂടികാഴ്ച നടത്തി. ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന് മോദി തറക്കല്ലിട്ടശേഷമാണ് ആർഎസ്എസിനെ പുകഴ്ത്തിയത്.
ലോക്സഭാ തെരഞ്ഞടുപ്പിലുണ്ടായ തിരിച്ചടി ബിജെപി - ആർഎസ്എസ് ബന്ധത്തെ ബാധിച്ചിരുന്നു. പ്രശ്നനങ്ങൾ ഇല്ലാതെ ഒന്നിച്ച് മുന്നോട്ട് പോവാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ സന്ദർശനം. ആര്‍എസ്എസിന്‍റെ സംഭാവനകളെ മോദി അംഗീകരിച്ചുവെന്ന് ആര്‍എസ്എസ് നേതാവ് അശുതോഷ് അദോനി പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ ആര്‍എസ്എസ് പ്രചോദനമെന്ന് ആസ്ഥാനത്തെ വിസിറ്റേഴ്സ് പുസ്തകത്തില്‍ മോദി കുറിച്ചു. ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിച്ചു.