ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന്റെ ഇരട്ട നേട്ടങ്ങള്‍; യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി

അലിഗറില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി യോഗി സര്‍ക്കാരിനെതിരെ ജാട്ട് സമുദായത്തിന്റെ ഏകീകരണം നടക്കുന്നതിനിടയിലാണ് ജാട്ട് നേതാവിന്റെ പേരില്‍ യു.പി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്.

Update: 2021-09-14 09:26 GMT
Advertising

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിലൂടെ ഇരട്ട നേട്ടമുണ്ടാക്കുന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് യു.പിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി കണ്ടിരുന്ന യു.പി ഇന്ന് രാജ്യത്തെ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംസ്ഥാനമായി മാറിയതില്‍ തനിക്ക് അതീവ സംതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായിരുന്ന അഖിലേഷ് യാദവിനെയും മായാവതിയെയും അദ്ദേഹം വിമര്‍ശിച്ചു. അവരുടെ ഭരണകാലത്ത് ഗുണ്ടകളായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇപ്പോള്‍ കൊള്ളക്കാരും മാഫിയ തലവന്‍മാരുമെല്ലാം അഴികള്‍ക്കുള്ളിലാണ്. അവര്‍ നടത്തിയ അഴിമതികള്‍ യു.പി ജനതക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പേര് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

അലിഗറില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി യോഗി സര്‍ക്കാരിനെതിരെ ജാട്ട് സമുദായത്തിന്റെ ഏകീകരണം നടക്കുന്നതിനിടയിലാണ് ജാട്ട് നേതാവിന്റെ പേരില്‍ യു.പി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ ബി.ജെ.പി നടത്തുന്നത്. പടിഞ്ഞാറന്‍ യു.പിയില്‍ 17 ശതമാനത്തോളം വരുന്ന ജാട്ട് വോട്ടുബാങ്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യു.പിയിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോദി, അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരെ കണ്ടിരുന്നു. ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെക്കൂടി മാറ്റിയ സാഹചര്യത്തില്‍ ആദിത്യനാഥിനെയും മാറ്റുമോ എന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാല്‍ അദ്ദേഹത്തെ കൈവിടാന്‍ തയ്യാറില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News