പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ തിരുത്തിയെഴുതാൻ ശ്രമിക്കുന്നു; ആരോപണവുമായി രാഹുൽ ഗാന്ധി

താൻ അന്നും ഇന്നും എന്നും അമേഠിയുടേതായിരിക്കുമെന്ന് രാഹുൽ ഗാന്ധി

Update: 2024-05-17 12:57 GMT
Advertising

അമേഠി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന പ്രചരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിയിലെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി കിഷോരിലാൽ ശർമക്ക് വേണ്ടി നടന്ന പ്രചരണറാലിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പങ്കെടുത്തു.

42 വർഷം മുമ്പ് തന്റെ പിതാവ് രാജീവ് ഗാന്ധിയോടൊപ്പമാണ് ആദ്യമായി അമേഠിയിലെത്തുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചതെല്ലാം അമേഠിയിൽ നിന്നാണ്. ഇവിടെയുള്ള ആളുകളും തന്റെ പിതാവും തമ്മിലുള്ള സ്‌നേഹബന്ധത്തിന് താൻ സാക്ഷിയാണ്. അതിനാൽ താൻ റായ്ബറേലിയിൽ നിന്നാണ് മത്സരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കേണ്ടതില്ല. താൻ അന്നും ഇന്നും എന്നും അമേഠിയുടേതായിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ നേതാക്കളും ഭരണഘടന തിരുത്തിയെഴുതി വലിച്ചെറിയുമെന്ന് വ്യക്തമായി പറയുന്നു. ഭരണഘടന ഗാന്ധിജിയുടെയും അംബേദ്കറുടെയും ജവഹർലാൽ നെഹ്റുവിന്റെയും രാജ്യത്തെ എല്ലാ പൗരന്മാരുടെയും പൈതൃകമാണ്. ഭരണഘടനയെ അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. അത് ഇല്ലാതായാൽ പൊതുമേഖലയും, ജോലിയും, സംവരണവും അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും റാലിയിൽ പങ്കെടുത്തു.

അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബി.ജെ.പി സ്ഥാനാർഥി. രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നാണ് മത്സരിക്കുന്നത്.  രാജ്യസഭയിലേക്ക് പോകുന്നതിനുമുമ്പ് സോണിയ ഗാന്ധി അഞ്ച് തവണ എം.പിയായിരുന്ന മണ്ഡലമാണ് റായ്ബറേലി. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News