മഹാ രാഷ്ട്രീയത്തെ ഇളക്കി മറിച്ചേക്കാവുന്ന അറസ്റ്റ്

ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ക്വാട്ടയിൽ ഐ.ആർ.എസ് കരസ്ഥമാക്കി എന്നായിരുന്നു പ്രധാന ആരോപണം

Update: 2022-02-23 14:07 GMT
Editor : Dibin Gopan | By : Web Desk
Advertising

ഷിജോ കുര്യൻ

''അടുത്ത തെരഞ്ഞെടുപ്പിലും മഹാ വികാസ് അഘാഡി സഖ്യം തന്നെ അധികാരത്തിൽ എത്തും. ബി ജെ പിക്ക് ഇനി മഹാരാഷ്ട്രയിൽ വിജയിക്കാനാവില്ല. ഇതിനെ നേരിടാൻ വേണ്ടി അഘാഡി സഖ്യത്തിൽ വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.'' - മുംബെയിൽ ജോലി ചെയ്യുന്ന സമയത്ത് നടത്തിയ അഭിമുഖത്തിൽ നവാബ് മാലിക്ക് പറഞ്ഞുനിർത്തിയത് ഇങ്ങിനെയാണ്. ആറുമാസം മുമ്പായിരുന്നു ആ അഭിമുഖം നടത്തിയത്. ഇപ്പോൾ, മാസങ്ങൾ നീണ്ട പോര് നവാബിന്റെ അറസ്റ്റിൽ എത്തിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ശരത് പവാർ കഴിഞ്ഞാൽ ഏറ്റവും കരുത്തനായ എൻ സി പി നേതാവാണ് നവാബ് മാലിക്ക്. അതുകൊണ്ടുതന്നെ ഈ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ സൃഷ്ടിച്ചേക്കാവുന്ന ചലനം ചെറുതായിരിക്കില്ല.

സഖ്യം പൊളിക്കാൻ ബി ജെ പി പയറ്റിയേക്കാവുന്ന തന്ത്രങ്ങളെക്കുറിച്ച് എൻ സി പിക്കും ശിവസേനക്കും മുൻധാരണയുണ്ട്. മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ടതുമുതൽ മഹാവികാസ് അഘാഡി സഖ്യത്തെ ബിജെപി നിരന്തരം വേട്ടയാടിയിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുമുണ്ട്. മഹാ സഖ്യത്തിലെ ഏറ്റവും പ്രബലനായ എൻസിപി നേതാവാണ് നവാബ് മാലിക്. സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന നവാബ് മാലിക് ബിജെപിയെ പലപ്പോഴും കടന്നാക്രമിച്ചിരുന്നു. ഏറ്റവും ഒടുവിൽ കർണാടകയിലെ ഹിജാബ് വിഷയത്തിൽപ്പോലും ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്നാൽ ബിജെപിയുടെ കണ്ണിലെ കരടായി നവാബ് മാലിക്ക് മാറിയത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ കുടുങ്ങിയതോടെയാണ്. താരപുത്രൻ ഒരുമാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ അതിന് വഴിയൊരുക്കിയ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാംഖഡയെയും ബിജെപിയെയും നവാബ് മാലിക് പരസ്യമായി വിമർശിച്ചത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുംബൈ സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയുടെ സംശയകരമായ സൂക്ഷ്മ വിവരങ്ങൾ മുതൽ വ്യക്തിപരമായ വിവരങ്ങൾവരെ എൻസിപി മന്ത്രി പുറത്തുവിട്ടു.

ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ക്വാട്ടയിൽ ഐ.ആർ.എസ് കരസ്ഥമാക്കി എന്നായിരുന്നു പ്രധാന ആരോപണം. സമീർ വാംഖഡയുടെ ആദ്യ വിവാഹം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം വിളിച്ചുപറഞ്ഞു. ലഹരിപാർട്ടിയുടെ സംഘാടകൻ കഷീഫ് ഖാനെ സംരക്ഷിക്കുന്നത് സമീർ വാംഖഡെ ആണ് എന്നതായിരുന്നു നവാബിന്റെ മറ്റൊരു ആരോപണം. ആ കേസിലെ സാക്ഷിയായ, സ്വകാര്യ ഡിറ്റക്ടീവ് എന്ന് സ്വയം അവകാശപ്പെടുന്ന എസ് കെ ഗോസാവിയും മറ്റ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ വാട്‌സ് ആപ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവിട്ടു. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള സമീർ വാംഖഡയുടെ നീക്കമാണ് ആര്യന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു നവാബ് മാലികിന്റെ 'കണ്ടെത്തൽ'. ബോളിവുഡിലെ ഉന്നത താരങ്ങളുമായി മാലിയിൽ സമീർ വാംഖഡെ നടത്തിയ വിനോദ യാത്രകളുടെ കഥകളും നവാബ് മാലിക് ഉന്നയിച്ചു. മഹാരാഷ്ട്രാ ബിജെപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടായിരുന്നു മറ്റൊരു ആക്രമണം. മഹാരാഷ്ട്രയെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റുന്നത് ബിജെപി ആണെന്ന് വരെ നവാബ് മാലിക് ആരോപിച്ചു.

നവാബ് മാലിക് ഉയർത്തിയ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണസംഘത്തിനായില്ല. ഇതും കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി. നിരന്തരം നവാബ് മാലിക് ആരോപണ ശരങ്ങൾ തുടർന്നു. മരുമകൻ ലഹരിക്കേസിൽ കുടുങ്ങിയതിന്റെ ജാള്യത മറയ്ക്കാനാണ് നവാബ് മാലിക് ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് ബിജെപി തിരിച്ചടിച്ചു. കഴിഞ്ഞ വർഷം ജനുവരി അഞ്ചിനാണ് നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. ഇരുനൂറ് കിലോയോളം കഞ്ചാവ് വിൽക്കാൻ ഗൂഡാലോചന നടത്തി എന്ന കേസിലായിരുന്നു അറസ്റ്റ്.

ആര്യൻ ഖാൻ കേസിൽ എൻസിബിയെയും കേന്ദ്രസർക്കാരിനെയും അങ്ങേയറ്റം വിമർശിച്ച നവാബ് മാലിക്കിന് കുരുക്ക് വീഴുമ്പോൾ ഒരുപാട് ചോദ്യങ്ങളും ഉയരുന്നുണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി നടത്തിയ കള്ളപ്പണ ഇടപാടാണ് അറസ്റ്റിന് ആധാരമായി എൻസിബിയും ഇ ഡിയും പറയുന്നത്. ഇത് തെളിയിക്കപ്പെട്ടാൽ അത് ഒരുപക്ഷേ നവാബിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചേക്കാം. അറസ്റ്റ് ചെയ്തതിനാൽ തന്നെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവക്കേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ നവാബിനെപ്പോലൊരു ജനകീയ നേതാവിനെ അത്രപെട്ടെന്ന് അഘാഡി സഖ്യം കൈയ്യൊഴിയാനിടയില്ല. കേന്ദ്ര സർക്കാറിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന വാദം ഉയർത്തി അറസ്റ്റിനെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാജിവച്ചാലും രാഷ്ട്രീയമായി നേരിട്ടാലും അത് സംസ്ഥാന രാഷ്ട്രീയത്തിൽ സുപ്രധാന വിഷയമായി മാറും. ശിവസേന-എൻ സി പി-കോൺഗ്രസ് സഖ്യവും ബി ജെ പി സഖ്യവും തമ്മിൽ അക്ഷരാർഥത്തിൽ പരസ്യമായ ഏറ്റമുട്ടലിന് വഴിതുറക്കുന്നുവെന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള രാഷ്ട്രീയ സൂചനകൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News