അനിൽ അംബാനിയുടെ വായ്പാ തട്ടിപ്പിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്‍ഡിടിവി പിന്‍വലിച്ചോ? കാണുന്നില്ലെന്ന് വിമര്‍ശനം
2025 ഓഗസ്റ്റ് 8ന് എൻഡിടിവിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.
മുംബൈ: വ്യവസായി അനിൽ അംബാനി ഉൾപ്പെട്ട 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രത്യേക അന്വേഷണ ഡോക്യുമെന്‍ററി എന്‍ഡിടിവി ഡിലീറ്റ് ചെയ്തോ? ഇക്കഴിഞ്ഞ എട്ടിന്(വെള്ളിയാഴ്ച) അപ്ലോഡ് ചെയ്ത ഡോക്യുമെന്ററി കാണാനില്ലെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
എന്‍ഡിടിവിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നും ഡോക്യുമെന്ററി കാണാനില്ല. പല കഥകളാണ് ഡ്യോക്യുമെന്ററി അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. 'ഇറർ' എന്നാണ് ഇപ്പോൾ ഡോക്യുമെന്ററി എന്‍ഡിടിവിയുടെ വെബ്സൈറ്റിലൂടെ കാണാന്‍ വേണ്ടി ശ്രമിക്കുമ്പോൾ ദൃശ്യമാകുന്നത്.
"അനിൽ അംബാനി: ദി റൈസ്, ദി ഫാൾ & ദി ഇഡി നെറ്റ്"(Anil Ambani: The Rise, The Fall & The ED Net) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. 2025 ഓഗസ്റ്റ് 8ന് എൻഡിടിവിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. വീഡിയോ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനില്‍ അംബാനിയും ഇഡി അന്വേഷണവുമൊക്കെയായി ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് പുറത്തുകൊണ്ടുവരിക എന്നതായിരുന്നു ഡോക്യുമെന്ററിയുടെ ലക്ഷ്യം.
അദ്ദേഹത്തിന്റെ കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയും നിയമനടപടിക്ക് കാരണമായ സാമ്പത്തിക ക്രമക്കേടുകളിലേക്കൊക്കെ ഡോക്യുമെന്ററി വെളിച്ചം വീശിയിരുന്നു. ഇഡിയുടെ നടപടികളും വിശദീകരിക്കുന്നുണ്ട്.
അതേസമയം റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഉള്ളടക്കം പെട്ടെന്ന് നീക്കം ചെയ്തതിന് പിന്നിലെ കാരണങ്ങള്‍ തിരയുകയാണ് സോഷ്യല്‍ മീഡിയ. ചാനല്‍ ഉടമകളായ അദാനി ഗ്രൂപ്പില്‍ നിന്നുള്ള സമ്മര്‍ദമാകാം ഇതിന് പിന്നിലെന്നാണ് അധികപേരും ചൂണ്ടിക്കാണിക്കുന്നത്. ഇഡിയുടെ ഇടപെടല്‍ ഉള്ളതിനാലാവാം എന്ന് മറ്റുചിലര്‍ പറയുന്നു. എന്‍ഡിടിവി ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെക്കുന്നുണ്ട്. അതേസമയം എൻഡിടിവിയുടെ ഭാഗത്ത് നിന്നൊരു ഔദ്യോഗികമായി വിശദീകരണമൊന്നും ഇതുസംബന്ധിച്ച് വന്നിട്ടില്ല.