നീരജിന്റെ വിജയയാത്ര മോദിയുടെ പിന്തുണയിലെന്ന് എ.എൻ.ഐ; യാഥാർത്ഥ്യം ഇതാണ്

നീരജ് ചോപ്രയുടെ വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാൻ ഇപ്പോൾ പലരും രംഗത്തുണ്ടെങ്കിലും ഒളിംപിക്‌സിനായുള്ള ഇന്ത്യൻ ജാവലിൻ ടീമിന്റെ തയ്യാറെടുപ്പുകൾ വേണ്ടത്ര മികച്ചതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം

Update: 2021-08-07 17:42 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ഒളിംപിക്‌സിൽ ഇന്ത്യയെ പൊന്നണിയിച്ച ജാവലിൻ താരം നീരജ് ചോപ്രയുടെ വിജയത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് കൂടിയെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ. കൈമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് നീരജ് ചികിത്സയിൽ കഴിയവെ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റ് ഉദ്ധരിച്ചാണ് വാർത്താ ഏജൻസി ക്രഡിറ്റ് മോദിക്കു കൂടി നൽകിയത്. 'സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ സമ്പൂർണ കീർത്തിയിലേക്കുള്ള അത്യുഗ്രൻ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെ' എന്നാണ് വാർത്തയ്ക്ക് എഎൻഐ തലക്കെട്ട് നൽകിയിട്ടുള്ളത്.

'ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര. എന്നാൽ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു 23കാരന്റെ യാത്ര. 2019ൽ കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ ടോക്യോ ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. പ്രധാനമന്ത്രി ആ പരിക്ക് ശ്രദ്ധിച്ച് വേഗം സുഖം പ്രാപിക്കട്ടെ എന്ന് സന്ദേശം അയച്ചിരുന്നു. നീരജ്, ഇന്ത്യയെ തുടർച്ചയായി അഭിമാനിതയാക്കുന്ന, ധീരനായ യുവാവാണ് താങ്കൾ. വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നു-എന്നായിരുന്നു മോദിയുടെ ട്വീറ്റ്.' - വാർത്തയിൽ പറയുന്നു. 

Advertising
Advertising


 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയശേഷം നീരജ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നതായും വാർത്തയിലുണ്ട്. 'ചരിത്രവിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ രാജ്യം ധാരാളം നേടിയിട്ടുണ്ട്' - എന്നായിരുന്നു ട്വീറ്റെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

യാഥാർത്ഥ്യമെന്ത്?

നീരജിന്റെ വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാൻ ഇപ്പോൾ പലരും രംഗത്തുണ്ടെങ്കിലും ഒളിംപിക്‌സിനായുള്ള ഇന്ത്യൻ ജാവലിൻ ടീമിന്റെ തയ്യാറെടുപ്പുകൾ വേണ്ടത്ര മികച്ചതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് ജർമൻകാരനായ ടീം കോച്ച് ഉവെ ഹോൻ ജൂണിൽ തുറന്നു പറയുകയും ചെയ്തിരുന്നു.

'പാട്യാലയിലെ താപനില വളരെ കൂടുതലാണ്. അതിരാവിലെയോ വൈകിട്ട് ആറു മണിക്ക് ശേഷമോ ആണ് പരിശീലിക്കാൻ കഴിയുന്നത്. ഈ സാഹചര്യങ്ങളിൽ താരങ്ങളില്‍ പ്രചോദനം നിലനിർത്തുക പ്രയാസമാണ്. ചോപ്ര എപ്പോൾ യൂറോപ്പിലേക്ക് പരിശീലനത്തിനായി പോകുമെന്ന് എനിക്ക് വ്യക്തതയില്ല. അത് ജെഎസ്ഡബ്ല്യു സ്‌പോർട്‌സിന്റെ സഹായത്തോടെയാണ്. സായിയിൽ നിന്നോ എഎഫ്‌ഐയിൽ നിന്നോ ഒരു സഹായവുമില്ല. വിദേശത്തെ ക്യാമ്പുകൾക്കോ മത്സരങ്ങൾക്കോ ആവശ്യമായ ഒന്നും ഇരുവരും ചെയ്തിട്ടില്ല' - എന്നായിരുന്നു കോച്ചിന്റെ വാക്കുകൾ. 




നീരജ് ചോപ്ര അടക്കമുള്ളവർക്ക് വിദേശത്ത് പരിശീലനം ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു എന്ന് തെളിയിക്കുന്നതാണ് കോച്ചിന്റെ തുറന്നുപറച്ചിൽ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

എന്നാല്‍ ഒളിംപിക്‌സിന് മുമ്പ് പരിശീലനത്തിനായി ചോപ്ര യൂറോപ്പിലെത്തിയിരുന്നു. ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ലിസ്ബണ്‍ എന്നിവിടങ്ങളില്‍ പരിശീലനം നടത്തിയ ചോപ്ര കുര്‍ടാന്‍ ഗെയിംസില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.  

രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രി

അതിനിടെ, രാജ്യത്തെ ഒന്നടങ്കം നീരജ് ചോപ്ര അഭിമാനപുളകിതമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഫോൺ വഴി താരത്തെ പ്രധാനമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

'നിങ്ങൾക്ക് വലിയ അഭിനന്ദനങ്ങൾ. നിങ്ങൾ രാജ്യത്തെ ഒന്നടങ്കം അഭിമാനത്തിലേറ്റി. നിങ്ങൾ നന്നായി കഠിനാധ്വാനം ചെയ്തു. കോവിഡ് മഹാമാരി അത്‌ലറ്റുകളുടെ തയ്യാറെടുപ്പുകളെ ബാധിച്ചിരുന്നു. തയ്യാറെടുപ്പിനിടെ നിങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുക്കാനായത് നിങ്ങളുടെ കഠിനാധ്വാനം മൂലമാണ്' - മോദി പറഞ്ഞു.

'ടോക്യോ ഒളിംപിക്‌സിലേക്ക് പോകും മുമ്പെ നിങ്ങളുടെ മുഖത്തുള്ള ആത്മവിശ്വാസം ഞാൻ കണ്ടിരുന്നു. നിങ്ങൾ ഒരു സൈനികൻ കൂടിയാണ്. കൂടുതൽ യുവാക്കളെ സ്‌പോർട്‌സിലേക്ക് ആകർഷിക്കാൻ നിങ്ങളുടെ നേട്ടത്തിനാകും. അച്ഛനും അമ്മയ്ക്കും എന്റെ അഭിവാദ്യങ്ങൾ അറിയിക്കൂ.' - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News