പട്ന: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്. ആർജെഡിയാണ് എക്സിലൂടെ ചിത്രം പുറത്തുവിട്ടത്. പിടിയിലായ അമിത് ആനന്ദ് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ അമിത് ആനന്ദ് അറസ്റ്റിലായതോടെ ഇയാൾക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ഉപമുഖ്യമന്ത്രി സോഷ്യൽമീഡിയകളിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ അതെല്ലാം തങ്ങളുടെ കൈയിലുണ്ടെന്ന് ആർജെഡി പറഞ്ഞു.
'നീറ്റ് പേപ്പർ ചോർച്ചാ വിവാദത്തിലെ മുഖ്യപ്രതി ബീഹാർ ഉപമുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്നു. പ്രതികളാൽ ആദരിക്കപ്പെട്ട ശക്തനായ മന്ത്രി, പ്രതിക്കൊപ്പമുള്ള തൻ്റെ ഫോട്ടോകളെല്ലാം സോഷ്യൽമീഡിയ ഹാൻഡിലിൽ നിന്ന് നീക്കം ചെയ്തു. പക്ഷേ വിഷമിക്കേണ്ട, അതെല്ലാം ഞങ്ങളുടെ കൈയിൽ ഉണ്ട്. ഇത് നിങ്ങളുടെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിക്ക് കൈമാറിക്കോളൂ'- ആർജെഡി എക്‌സ് പോസ്റ്റിൽ പറയുന്നു.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രധാന പ്രതി സിക്കന്ദർ കുമാർ യാദവേന്ദുവിന് ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ പേഴ്‌സണൽ സ്റ്റാഫുമായി ബന്ധമുണ്ടെന്ന് രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ വിജയ് കുമാർ സിൻഹ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ചൗധരിക്കൊപ്പം മറ്റൊരു മുഖ്യപ്രതി നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർജെഡി തിരിച്ചടിച്ചത്. ഉപമുഖ്യമന്ത്രി പ്രതി ചൗധരിയെ അഭിനന്ദിക്കുന്നതാണ് ചിത്രമെന്ന് ആർജെഡി പറഞ്ഞു.
വ്യാഴാഴ്ചയാണ് സിക്കന്ദർ കുമാർ യാദവേന്ദുവിന് തേജസ്വി യാദവിൻ്റെ പേഴ്‌സണൽ സ്റ്റാഫ് പ്രീതം കുമാറടക്കം രണ്ടുപേരുമായി ബന്ധമുണ്ടെന്ന് വിജയ് കുമാർ സിൻഹ ആരോപിച്ചത്. ദാനാപൂർ മുനിസിപ്പാലിറ്റിയിലെ ജൂനിയർ എഞ്ചിനീയറായ സിക്കന്ദർ കുമാർ യാദവേന്ദു നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കുറ്റകൃത്യത്തിന് പിന്നിലെ മുഖ്യ സൂത്രധാരനായ അമിത് ആനന്ദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ നിതീഷ് കുമാർ എന്നയാളും ഇവരുടെ മാതാപിതാക്കളുമുൾപ്പെടെ 13 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
മെഡിക്കൽ പ്രവേശന പരീക്ഷയുടെ തലേദിവസമാണ് ചോദ്യപേപ്പർ ചോർന്നതെന്ന് ബീഹാറിൽ നിന്ന് അറസ്റ്റിലായവർ സമ്മതിച്ചിരുന്നു. നിതീഷും അമിതും ഒരു പരീക്ഷാർഥിയിൽ നിന്നും 32 ലക്ഷം രൂപ വീതം ഈടാക്കിയെന്നും ചോദ്യപേപ്പർ മുൻകൂട്ടി നൽകാമെന്ന് ഉറപ്പുനൽകിയെന്നും യാദവേന്ദുവും വെളിപ്പെടുത്തിയിരുന്നു.
ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്നാണ് ഉയർന്ന ആരോപണം. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും പിന്നാലെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു. നീറ്റ് പരീക്ഷയിൽ 67 വിദ്യാർഥികൾ 720/ 720 മാർക്ക് നേടിയിരുന്നു. ഇതിൽ ആറ് വിദ്യാർഥികൾ ഹരിയാനയിലെ ഒരു സെന്ററിൽ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ പരീക്ഷ റദ്ദാക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, യുജിസി നെറ്റിലും സമാന ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.