ഞാനും നിതീഷ് കുമാറും ഹേമന്ത് സോറനും അടക്കമുള്ളവർ 2024ൽ ഒറ്റക്കെട്ടായി മത്സരിക്കും; മമത ബാനർജി
പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെയും മമത രംഗത്തെത്തി.
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾക്കിടെ, താനും നിതീഷ് കുമാറും ഹേമന്ത് സോറനും മറ്റ് നേതാക്കളും 2024ലെ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
"ഞങ്ങൾ ഒരുമിക്കും. നിതീഷ്, അഖിലേഷ്, ഹേമന്ത്, ഞങ്ങൾ എല്ലാവരും ഉണ്ട്. രാഷ്ട്രീയം ഒരു യുദ്ധക്കളമാണ്. 34 വർഷമായി ഞങ്ങൾ പോരാട്ടത്തിലാണ്"- മമത പറഞ്ഞു.
ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും മമത പ്രതികരിച്ചു. "അവർ ജാർഖണ്ഡിനെ വിൽക്കുകയായിരുന്നു. ഞങ്ങൾ ജാർഖണ്ഡിനെ രക്ഷിക്കുകയും എംഎൽഎമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു"- മമത ചൂണ്ടിക്കാട്ടി. പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെയും മമത രംഗത്തെത്തി.
"അനുബ്രതയെ അവർ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിർഭുമിലെ രണ്ട് സീറ്റുകൾ നിങ്ങൾ നേടുമെന്ന് കരുതുന്നുണ്ടോ? അദ്ദേഹത്തിന്റെ മോചനത്തിനായി ഞങ്ങൾ പോരാടും. അനുബ്രത മൊണ്ഡൽ ഒരു ധീരനെപ്പോലെ ജയിലിൽ നിന്ന് പുറത്തുവരും-മമത കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 11നാണ് മമതാ ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് ബിർഭും ജില്ലാ പ്രസിഡന്റുമായ മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ സംഘം സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയാണ് മൊണ്ഡലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച സമയം വേണമെന്ന് മൊണ്ഡലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയായിരുന്നു പെട്ടെന്നുള്ള അറസ്റ്റ്.
അധ്യാപക ജോലി കുംഭകോണക്കേസിൽ ടി.എം.സി നേതാവ് പാർഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമായിരുന്നു മൊണ്ഡലിന്റെ അറസ്റ്റ്. കോടിക്കണക്കിന് രൂപയുടെ ആരോപണമാണ് പശുക്കടത്ത് കേസിൽ ഉയർന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊണ്ഡലിനെ നേരത്തെ രണ്ട് തവണ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിരുന്നു.
2020-ൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പശുക്കടത്ത് അഴിമതി കേസിൽ ഇയാളുടെ പേര് ഉയർന്നത്. സി.ബി.ഐയുടെ കണക്കനുസരിച്ച്, 2015-നും 2017-നും ഇടയിൽ 20,000-ലധികം കന്നുകാലികളെ അതിർത്തി കടത്തുന്നതിനിടെ അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.