പണമില്ല, എസ്‌സി, എസ്ടി സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ച് മോദി സർക്കാർ
നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പിന് അർഹരായവരിൽ 40% ശതമാനത്തിലും താഴെ വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നത്. ഇതാദ്യമായല്ല മോദി സർക്കാരിന്റെ കീഴിൽ സ്‌കോളർഷിപ്പുകളുടെ വിതരണം അവതാളത്തിലാവുന്നത്
ന്യൂഡൽഹി: 2025 - 26 വർഷത്തെ നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പിന്(NOS) അർഹരായവരിൽ പകുതിപേർക്ക് പോലും സ്‌കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല. കൃത്യമായി പറയുകയാണെങ്കിൽ 106 പേർ അർഹത നേടിയതിൽ 40 പേരെയാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സ്‌കോളർഷിപ്പിന് പരിഗണിച്ചിരിക്കുന്നത്. പണം ലഭിക്കുകയാണെങ്കിൽ ചിലപ്പോൾ പരിഗണിച്ചേക്കുമെന്നാണ് ബാക്കി 66 പേർക്ക് ലഭിച്ചിരിക്കുന്ന വിശദീകരണമെന്ന് ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണമായി മന്ത്രാലയം പറയുന്നത്.
1954 - 55 സാമ്പത്തിക വർഷമാണ് നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങുന്നത്. പട്ടിക ജാതി, പട്ടിക വർഗം, നാടോടി വിഭാഗങ്ങൾ, അർധ നാടോടി വിഭാഗങ്ങൾ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ള പരമ്പരാഗത കരകൗശല വിഭാഗങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് സ്‌കോളർഷിപ്പ് രൂപകൽപന ചെയ്തത്.
സാധാരണഗതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും പ്രൊവിഷണൽ സ്‌കോളർഷിപ്പ് ലെറ്ററുകൾ ലഭിക്കാറുണ്ട്. എന്നാൽ ഈ വർഷം സാമ്പത്തിക ലഭ്യതയനുസരിച്ച് ഘട്ടം ഘട്ടമായാണ് കത്തുകൾ അയക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സ്‌കോളർഷിപ്പിനെ ആശ്രയിക്കുന്ന നിരവധി വിദ്യാർഥികളെയാണ്.
സ്‌കോളർഷിപ്പ് നൽകാത്തതിന്റെ ഉത്തരവാദിത്തം കാബിനറ്റ് കമ്മിറ്റിക്കാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. സ്‌കോളർഷിപ്പ് പദ്ധതികൾക്കായുള്ള പണം അനുവദിക്കേണ്ട കാബിനറ്റ് കമ്മിറ്റി അത് കൃത്യമായി ചെയ്യാത്തതാണ് തടസ്സം. പണം കൈയിലുണ്ട്, എന്നാൽ മുകളിൽ നിന്നുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് പണം ചെലവഴിക്കാൻ സാധിക്കൂവെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നു.
നേരത്തെ മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് നൽകുന്നതിലും സമാന തടസ്സം നേരിട്ടിരുന്നു. 2025 ജനുവരി മുതൽ ഫെല്ലോഷിപ്പ് ലഭിച്ച 1400 പിഎച്ച്ഡി വിദ്യാർഥികൾക്ക് പണം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. 2024 ജൂണിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കായുള്ള നാഷണൽ ഫെല്ലോഷിപ്പ് നൽകുന്നതിലും താളപ്പിഴയുണ്ടായിരുന്നു. ഈ വർഷം ഏപ്രിലിലാണ് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യ ലിസ്റ്റിൽ 865 പേരുണ്ടായിരുന്നെങ്കിലും പിന്നീട് ഏപ്രിലിൽ പ്രസിദ്ധീകരിച്ച പുതുക്കിയ ലിസ്റ്റിൽ ഇത് 805 ആയി ചുരുങ്ങി.
സ്‌കോളർഷിപ്പ് വിതരണത്തിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടി ജൂൺ 10ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളാണ് സ്‌കോളർഷിപ്പുകൾ കുറക്കാനുള്ള തീരുമാനം ബാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സ്‌കോളർഷിപ്പുകൾ ലഭിക്കുന്ന ദലിത് വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ ഇടിവിനെക്കുറിച്ചും കത്തിൽ പ്രതിപാതിക്കുന്നു. 2024 സാമ്പത്തിക വർഷം 69,000 ദലിത് വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. മുൻവർഷങ്ങളിൽ 1.36 ലക്ഷമായിരുന്നിടത്തു നിന്നാണ് ഏകദേശം പകുതിയോളം പേരുടെ കുറവുണ്ടായിരിക്കുന്നത്. അത് കൂടാതെ സ്‌കോളർഷിപ്പായി ലഭിക്കുന്ന തുകയും വളരെ കുറവാണെന്ന പരാതികളുള്ളതായി രാഹുൽ ഗാന്ധി ആരോപിക്കുന്നു.