'കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്‌ലിമില്ല, സിഎഎ കൊണ്ടുവന്നു, മണിപ്പൂരിൽ പള്ളികൾ കത്തിച്ചു, ഇതൊക്കെ വിവേചനമല്ലേ?'; മോദിയോട് ഉവൈസി

'കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്‌ലിമില്ല, സിഎഎ നടപ്പാക്കി, മണിപ്പൂരിൽ പള്ളികൾ കത്തിച്ചു, ഇതൊക്കെ വിവേചനമല്ലേ?'; മോദിയോട് ഉവൈസി

Update: 2023-06-24 12:53 GMT
Advertising

ഹൈദരാബാദ്: ഇന്ത്യയിൽ വിവേചനത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി എഐഎംഐഎം തലവനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. മുസ്‌ലിംകളോട് വിവേചനമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു, എന്നാൽ കേന്ദ്രമന്ത്രിസഭയിൽ ഒരൊറ്റ മുസ്‌ലിമില്ല. ഇത് വിവേചനമല്ലേയെന്ന് ഉവൈസി ചോദിച്ചു.

'മുസ്‌ലിംകളോട് വിവേചനമില്ലെന്ന് യു.എസിൽ പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ അവർ മണിപ്പൂരിൽ 300 പള്ളികൾ കത്തിച്ചു. ഇതെന്ത് പിന്നെയെന്താണ്? അവർ സിഎഎ കൊണ്ടുവന്നു. അത് വിവേചനമല്ലേ? മൗലാനാ ആസാദ് ഫെല്ലോഷിപ്പും അവർ നിർത്തലാക്കി, അതും വിവേചനം. മോദി ജീ, ഗോരക്ഷകർ ആളുകളെ കൊല്ലുന്നു. അതും വിവേചനമാണ്'- ഒവൈസി വ്യക്തമാക്കി.

പ്രധാനമന്ത്രി മോദി 'സബ്‌കാ സാത്ത്, സബ്‌കാ വിശ്വാസ്' എന്ന് പറയുമ്പോൾ കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രിയില്ലെന്ന കാര്യം ഓർക്കണമെന്നും ഒവൈസി പറഞ്ഞു.'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വിശ്വാസം) ഒരു നല്ല വാചകമാണ്. എന്നാൽ മോദിയുടെ മന്ത്രിസഭയിൽ ഒരു മുസ്‌ലിം ഇല്ല. അവർക്കിടയിൽ ഒരു മുസ്‌ലിം പ്രാതിനിധ്യവുമില്ല'- ഉവൈസി വിശദമാക്കി.

'ഞങ്ങൾക്ക് അമേരിക്കയുമായി നല്ല ബന്ധമാണ് വേണ്ടത്. നേരത്തെ, ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച ബറാക് ഒബാമയുടെ മുൻ അഭിമുഖവും ഞങ്ങൾ കണ്ടു. മുമ്പ് മോദി ബറാക് ഒബാമയ്‌ക്കൊപ്പം ചായ കുടിച്ചു. എന്നാൽ ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് ഒബാമ പറഞ്ഞത് എന്താണെന്ന് മോദിയൊന്ന് നോക്കൂ'- ഉവൈസി കൂട്ടിച്ചേർത്തു.

​കഴിഞ്ഞദിവസം, യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തോടായിരുന്നു മോദിയുടെ മറുപടി. ചോദ്യത്തിന് മോദി നേരിട്ടുള്ള ഉത്തരം നൽകാതിരുന്ന മോദി, പകരം, ജനാധിപത്യത്തില്‍ വിവേചനമില്ല എന്ന മറുപടിയാണ് നല്‍കിയത്. വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തക സബ്രിന സിദ്ദീഖിയായിരുന്നു മോദിയോട് ചോദ്യം ഉന്നയിച്ചത്.

'ഭരണഘടനയുടെ മൗലികതത്വങ്ങൾ ആധാരമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവിടെ ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് ഇടമില്ല. അതുകൊണ്ടാണ് 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ പ്രയാസ്' എന്ന മുദ്രാവാക്യത്തിൽ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്'.

'സർക്കാർ സേവനങ്ങളുടെ ഗുണം എല്ലാവർക്കും ലഭ്യമാണ്. ജനാധിപത്യത്തിൽ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ല'- എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News