താമസിക്കാനല്ല ലണ്ടനിൽ ബംഗ്ലാവ് സ്വന്തമാക്കിയത്; കാരണം വ്യക്തമാക്കി റിലയൻസ്

സ്റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റാണ് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നത്

Update: 2021-11-06 11:51 GMT
Editor : abs | By : Web Desk

മുംബൈ: ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറിയെന്ന റിപ്പോർട്ടുകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് കമ്പനി വ്യക്തമാക്കി.

'ലണ്ടനിലെ സ്റ്റോക്ക് പാർക്കിൽ താമസിക്കാനുള്ള അംബാനി കുടുംബത്തിന്റെ പദ്ധതികളെക്കുറിച്ച് ഒരു പത്രത്തിൽ അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ഈ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, ഇത് അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.' പ്രസ്താവനയിൽ റിലയൻസ് വ്യക്തമാക്കി. മിഡ് ഡേ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ലണ്ടനിലേക്ക് മാത്രമല്ല, ലോകത്ത് മറ്റൊരിടത്തേക്കും മാറാൻ കുടുംബത്തിന് പദ്ധതിയില്ലെന്ന് റിലയൻസ് അറിയിച്ചു. 

Advertising
Advertising

'സ്‌റ്റോക് പാർക്ക് എസ്റ്റേറ്റ് റിലയൻസിന് കീഴിലുള്ള ഇൻവസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഗോൾഫ്, സ്‌പോർടിങ് റിസോർട്ട് തുടങ്ങിയ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പൈതൃക സ്വത്ത് വാങ്ങിയിട്ടുള്ളത്.'- കമ്പനി കൂട്ടിച്ചേർത്തു.

ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തിരുന്നത്. സ്റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നത്. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്.

റിപ്പോർട്ട് ഇങ്ങനെ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മിഡ് ഡേ റിപ്പോർട്ടിൽ പറയുന്നു. മുംബൈയിലെ ആറ്റ്ലമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന അൻറീലിയ എന്ന വീടിലാണ് ഇപ്പോൾ അംബാനി താമസിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും. റിലയൻസിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗർ.

'മുംബൈയിലേത് പോലെ കുത്തനെയുള്ള കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാൻ അവർ ആഗ്രഹിക്കുന്നു' -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. വാർത്തയുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസിന് ഇമെയിൽ വഴി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് പത്രം പറയുന്നു. 


ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്റ്റോക് പാർക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടിൽ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ശിൽപ്പിയാണ് മന്ദിറിലേക്ക് വേണ്ട ഗണേഷ, രാധാ-കൃഷ്ണ, ഹനുമാൻ വിഗ്രഹങ്ങൾ തയ്യാറാക്കുന്നത്.

ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയിട്ടുള്ളത്. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്സും ഇതിലുണ്ട്. ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്ളിക്സിൽ തരംഗമായ ദ ക്രൗൺ സീരിസും ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News