'വോട്ടും ചോദിച്ച് ആരും ഈ വഴി വരേണ്ട...' ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി 17 ഗ്രാമങ്ങൾ

ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം ഗ്രാമങ്ങളിൽ കടക്കരുതെന്ന് ബാനറുകള്‍

Update: 2022-11-14 03:50 GMT
Editor : Lissy P | By : Web Desk
Advertising

നവസാരി: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഗുജറാത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുങ്ങിയിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് നവസാരി നിയമസഭാ മണ്ഡലത്തിലെ 17 ഗ്രാമങ്ങൾ. അഞ്ചെലി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ നിർത്തണമെന്ന ഇവരുടെ ആവശ്യം ഇതുവരെ അംഗീകരിക്കാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ കാരണം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് പിന്നാലെ വോട്ട് ചോദിച്ച് ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം ആരും തന്നെ ഗ്രാമങ്ങളിൽ കടക്കരുതെന്ന് കാണിച്ച് ബാനറുകളും തൂക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഒരുവോട്ടുപോലും ചെയ്യാതെ തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം. അഞ്ചെലി റെയിൽവേ സ്റ്റേഷന് സമീപവും ഗ്രാമപ്രദേശങ്ങളിലെയും 'ട്രെയിൻ നഹി ടു വോട്ട് നഹി' എന്നെഴുതിയ ബാനറുകളും തൂക്കിയിട്ടുണ്ടെന്ന് ടൈംസ്‌നൗ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപിയോ മറ്റ് രാഷ്ട്രീയ പാർട്ടികളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരരുത്, ഞങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾ പരിഗണിക്കുന്നില്ല, അതുകൊണ്ട് ഞങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നെന്നും നാട്ടുകാര്‍ പറയുന്നു. 'ഇവിടെ നിയോജക മണ്ഡലത്തിൽ കുറഞ്ഞത് 17 ഗ്രാമങ്ങളിലെ ജനങ്ങളെങ്കിലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് ഇവിടെ നിർത്തിയിരുന്ന ട്രെയിൻ നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി ആ ട്രെയിനിനെ ആശ്രയിച്ച നിരവധിപേരുണ്ടായിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെയായപ്പോൾ പലർക്കും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ദിവസവും യാത്രക്ക് മാത്രമായി 300 രൂപയോളം ചെലവഴിക്കേണ്ടിവരുന്നെന്നും നാട്ടുകാരനായ ഹിതേഷ് നായക് 'എഎൻഐ'യോട് പറഞ്ഞു. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സമയത്ത് ക്ലാസിലെത്താൻ കഴിയുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27 വർഷമായി സംസ്ഥാനത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത് . എന്നാല്‍ ഇത്തവണ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം, അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് സജീവമായുണ്ട്. ഇത് ബി.ജെ.പിക്കും കോൺഗ്രസിനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News