ഇന്ന് ബി.ജെ.പിയില്‍ ചേരും? ഹാര്‍ദിക് പട്ടേലിന്‍റെ മറുപടി ഇങ്ങനെ

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ഹാര്‍ദിക് പട്ടേല്‍

Update: 2022-05-30 05:43 GMT
Advertising

അഹമ്മദാബാദ്: ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം നിഷേധിച്ച് മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. വാര്‍ത്താഏജന്‍സിയായ പിടിഐയോട് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞതിങ്ങനെ- "ഞാൻ തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുന്നില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ അറിയിക്കും".

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി- "ഭരണം അരാജകത്വമുള്ള കൈകളിലെത്തുന്നത് എത്ര മാരകമാണെന്ന് പഞ്ചാബ് വളരെ സങ്കടകരമായ ഒരു സംഭവത്തോടെ തിരിച്ചറിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ച അന്താരാഷ്ട്ര കബഡി കളിക്കാരന്‍റെയും സിദ്ദു മൂസെവാലയുടെയും കൊലപാതകങ്ങള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

"പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹിയിൽ നിന്ന് പഞ്ചാബ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആ ആദ്മി പാര്‍ട്ടി നേതാക്കളും പഞ്ചാബിനെ വേദനിപ്പിച്ച കോൺഗ്രസിനെപ്പോലെ മറ്റൊരു പാർട്ടിയാകണോ അതോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സിദ്ദു മൂസെവാലയ്ക്ക് എന്‍റെ ആദരാഞ്ജലികൾ"- ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.

പട്ടേല്‍ സമര നായകനായ ഹാര്‍ദിക് പട്ടേല്‍ 2019ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും അദ്ദേഹം കഴിഞ്ഞ മാസം രാജിവെച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News