ഒന്നും എന്‍റെ നിയന്ത്രണത്തില്‍ അല്ല, എം.എല്‍.എമാര്‍ ദേഷ്യത്തിലാണ്: അശോക് ഗെഹ്‍ലോട്ട്

90ലധികം കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജി ഭീഷണി മുഴക്കിയത്

Update: 2022-09-26 02:20 GMT
Advertising

ജയ്പൂര്‍: ഒന്നും തന്‍റെ നിയന്ത്രണത്തില്‍ അല്ലെന്ന് 90ലധികം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കിയതിനെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. പാർട്ടി കേന്ദ്ര നേതൃത്വത്തെ ഗെഹ്‍ലോട്ട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനായി ഗെഹ്‍ലോട്ടിനെയാണ് ഔദ്യോഗികപക്ഷം പരിഗണിക്കുന്നത്. ഇതോടെ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് താത്പര്യം. ഇതോടെയാണ് ഗെഹ്‍ലോട്ടിനെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കിയത്.

കെ.സി വേണുഗോപാലുമായി ഫോണിൽ സംസാരിച്ച ഗെഹ്‍ലോട്ട് ഒന്നും തന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും എം.എല്‍.എമാര്‍ ദേഷ്യത്തിലാണെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി തുടരണമെന്നും അല്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നത്. സർക്കാർ വീണാലും സാരമില്ല, രാജിവയ്ക്കാൻ തയ്യാറാണെന്നാണ് 90ലധികം എം.എല്‍.എമാരുടെ നിലപാട്.

സച്ചിന്‍ പൈലറ്റ് 2020ല്‍ ഗെഹ്‍ലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതാണ് എം.എല്‍.എമാരുടെ എതിര്‍പ്പിനു കാരണം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചയാളെ മുഖ്യമന്ത്രിയാക്കരുത്. ആ പ്രതിസന്ധി ഘട്ടത്തില്‍ സർക്കാരിനെ പിന്തുണച്ച ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നാണ് എം.എല്‍.എമാരുടെ ആവശ്യം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ ഇത്രയും വലിയ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. എംഎൽഎമാരുമായി വ്യക്തിപരമായി സംസാരിക്കാൻ രണ്ട് കേന്ദ്ര നേതാക്കളെ സോണിയ ഗാന്ധി ജയ്പൂരിലേക്ക് അയച്ചു.

ഒക്‌ടോബർ 17ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഗെഹ്‍ലോട്ട് ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. അതേസമയം ശശി തരൂർ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Summary- As more than 90 Rajasthan Congress MLAs loyal to him threatened to resign, Chief Minister Ashok Gehlot reportedly told the party's central leadership that it was "not in his hands".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News