മുസ്‌ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളെ ഐഎസ്ഐ റിക്രൂട്ട് ചെയ്‌തെന്ന് അജിത് ഡോവൽ; വിവാദമായപ്പോൾ ഡീപ് ഫേക്കെന്ന് വാദം, പൊളിച്ച് ആൾട്ട് ന്യൂസ്‌

ഡീപ് ഫേക്കാണെന്ന ഡോവലിന്റെ തന്നെ പ്രസ്താവന തെറ്റാണെന്നും ആ പരാമർശങ്ങൾ വാസ്തവത്തിൽ അദ്ദേഹം തന്നെയാണ് നടത്തിയതെന്നും ആൾട്ട് ന്യൂസ് കണ്ടെത്തുന്നു

Update: 2025-11-18 17:16 GMT

ന്യൂഡല്‍ഹി: നവംബർ 10ന് ചെങ്കോട്ടക്ക് മുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല തരത്തിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇതിന് മറുപടിയെന്നോണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരിലുള്ള വീഡിയോയും പ്രചരിച്ചിരുന്നു. 

പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐ,  ഇന്ത്യയിൽ മുസ്‌ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് അജിത് ഡോവല്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പലരും വ്യാപകമായി പങ്കിട്ടിരുന്നു. എന്നാല്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നും  സംഭവം ഡീപ് ഫേക്കാണെന്നുമാണ് അജിത് ഡോവല്‍ ഇതിനോട് പ്രതികരിച്ചത്.  എന്നാല്‍ അജിത് ഡോവലിന്റേത് തെറ്റായ അവകാശവാദമാണെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നത്. 

Advertising
Advertising

നവംബർ 17ന് സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് വീഡിയോ വ്യാജമാണെന്ന് അജിത് ഡോവല്‍ അവകാശപ്പെട്ടത്. പറയാത്ത കാര്യങ്ങളാണിതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളച്ചൊടിക്കാൻ ഇത്തരം മാധ്യമ ഉപകരണങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രചാരത്തിനിതിരെ നടക്കുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. പിന്നാലെ അജിത് ഡോവലിനെ ഉദ്ധരിച്ച് പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു.



 ആള്‍ട്ട് ന്യൂസിന്റെ കണ്ടെത്തല്‍

എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി ആള്‍ട്ട് ന്യൂസ് പരിശോധിക്കുകയും ഡോവല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. ആസ്‌ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് 2014 മാർച്ച് 20 ന് അപ്‌ലോഡ് ചെയ്ത 1 മണിക്കൂർ 17 മിനിറ്റ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വീഡിയോയിൽ നിന്നാണ് ഈ ക്ലിപ്പ് എടുത്തതെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയത്. 

അതിൽ 1:04:00ാമത്തെ മിനുറ്റിൽ ഡോവൽ പറയുന്നത് ഇങ്ങനെ; '' ത്രയൊക്കെ പറഞ്ഞ സ്ഥതിക്ക് ഞാൻ നിങ്ങളോട് ചെറിയൊരു കാര്യം പറയട്ടെ, ഇന്ത്യയിൽ ഇന്റലിജൻസ് ജോലികൾക്കായി, ഐഎസ്‌ഐ റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും, മുസ്‌ലിംകളേക്കാൾ കൂടുതൽ ഹിന്ദുക്കളാണ്. 1947 മുതലുള്ള എല്ലാ കേസുകളെടുത്താല്‍, 4,000-ത്തിലധികം കേസുകൾ, ഒരുപക്ഷേ 20% പോലും മുസ്‌ലിംകൾ ആയിരിക്കില്ല. മറിച്ചുള്ളതൊക്കെ തെറ്റാണ്. മുസ്‌ലിംകളെ ഞങ്ങൾ കൂടെക്കൂട്ടും. രാജ്യത്തെ ഉന്നതിയിലെത്തിക്കും''.

Full View

2014 മാർച്ച് 11ന് ആസ്‌ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഗ്ലോബൽ ചലഞ്ചസ് സീരീസിന്റെ ഭാഗമായി ഡോവൽ നടത്തിയ പ്രഭാഷണമാണിത്.  2014ലെ ഈ പ്രഭാഷണ വീഡിയോ ഒരു ഡീപ്ഫേക്ക് അല്ലെങ്കിൽ എഐ സൃഷ്ടിച്ചതായിരിക്കാൻ സാധ്യതയില്ല, കാരണം അന്ന് ആ സാങ്കേതികവിദ്യ അത്ര വ്യാപകമായി ഉപയോഗിച്ചിരുന്നില്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു. 

ഇന്ത്യ നേരിടുന്ന ഭീകരാക്രമണ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഡോവൽ ഈ പ്രസ്താവന നടത്തിയത്. ഭീകരതയെ വർഗീയ കണ്ണടയിലൂടെ കാണരുതെന്നും ഡോവൽ പറയുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുമ്പോൾ അത് മുസ്‌ലിം ജനസംഖ്യയും ഹിന്ദു ജനസംഖ്യയും തമ്മിലുള്ള പ്രശ്നമല്ല, മറിച്ച് ഒരു ദേശീയ പ്രശ്‌നമാണെന്നും ഇന്ത്യൻ മുസ്‌ലിംകള്‍ ഭീകരതയെ നിരന്തരം എതിർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2012ല്‍ രാംലീല മൈതാനത്ത് 50,000 മൗലാനമാര്‍ ആഗോള ഭീകരവാദത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച സംഭവം അദ്ദേഹം ഉദാഹരണമായും സൂചിപ്പിക്കുന്നുണ്ട്. 

ചുരുക്കിപ്പറഞ്ഞാല്‍  2014ൽ ആഗോള ഭീകരതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിൽ ഇന്ത്യയില്‍ ചാരവൃത്തിക്കായി മുസ്‌ലിംകളേക്കാൾ കൂടുതൽ ഹിന്ദുക്കളെ ഐഎസ്ഐ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അജിത് ഡോവൽ പറഞ്ഞിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നു. തീവ്രവാദത്തെ മുസ്‌ലിം vs ഹിന്ദു വിഷയമായി പരാമർശിക്കരുതെന്നും അദ്ദേഹം വ്യക്തമായി ആഹ്വാനം ചെയ്യുന്ന നീണ്ട പ്രഭാഷണത്തിൽ നിന്നാണ് വൈറൽ വീഡിയോ എടുത്തിരിക്കുന്നത്. അതിനാല്‍ ഡീപ് ഫേക്കാണെന്ന് ഡോവലിന്റെ തന്നെ പ്രസ്താവന തെറ്റാണെന്നും ആ പരാമർശങ്ങൾ വാസ്തവത്തിൽ അദ്ദേഹം തന്നെയാണ് നടത്തിയതെന്നും  ആള്‍ട്ട് ന്യൂസ് പറയുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News