ദുരന്തഭൂമിയായി ഒഡീഷ; മരണസംഖ്യ ഉയരുന്നു-280

സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം

Update: 2023-06-03 06:45 GMT
Editor : Shaheer | By : Web Desk
Advertising

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 280 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഇനിയും കൂടുതല്‍ പേര്‍ ബോഗികള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7.20 നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്‍സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്‍സ്പ്രസിന്റെ 12 ബോഗികൾ പാളംതെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ - ഹൗറ എക്‍പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.

Summary: Odisha Coromandel express accident live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News