വിജിലൻസുകാരെ കണ്ടപ്പോൾ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു, നോട്ടുമഴ കണ്ട് ഞെട്ടി അയൽവാസികൾ; ഒഡിഷയിലെ സര്‍ക്കാര്‍ എഞ്ചിനിയറുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത് 2 കോടി
പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം കണ്ടെടുത്തത്
ഭുവനേശ്വര്‍: ഒഡിഷയിലെ സര്‍ക്കാര്‍ എഞ്ചിനിയറുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത തുക കണ്ട് ഞെട്ടിയിരിക്കുകയാണ് വിജിലൻസ് ഉദ്യോഗസ്ഥരും അയൽവാസികളും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒഡിഷ വിജിലൻസ് വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് രണ്ട് കോടിയിലധികം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് കണ്ടെത്തിയത്.
ഒഡിഷ പൊലീസിന്‍റെ അഴിമതി വിരുദ്ധ വിഭാഗം ഭുവനേശ്വറിലെ സംസ്ഥാന ആർഡബ്ല്യു ഡിവിഷനിലെ പ്ലാൻ റോഡ്‌സിന്‍റെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സാരംഗിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്ന് ഒരു കോടി രൂപയും അംഗുലിലെ വസതിയിൽ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിനായി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിലേക്ക് എത്തുന്നത് കണ്ട സാരംഗി 500ന്‍റെ നോട്ടുകെട്ടുകൾ ജനാലയിലുടെ പുറത്തേക്ക് എറിഞ്ഞു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം കണ്ടെടുത്തത്. അംഗുലിലെ കരഡഗാഡിയയിൽ രണ്ട് നിലകളുള്ള ഒരു വീടും പുരി ജില്ലയിലെ ഭുവനേശ്വർ, സിയുല, പിപ്ലി എന്നിവിടങ്ങളിലെ ഫ്ലാറ്റുകളും വിജിലൻസ് സംഘം കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു. സാരംഗിയുടെ അംഗുലിലെ കുടുംബ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. ഭുവനേശ്വറിലെ ആർഡി പ്ലാനിംഗ് ആൻഡ് റോഡിലെ ചീഫ് എഞ്ചിനീയറിലുള്ള ഓഫീസ് ചേംബറും ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു.
അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ, ഭുവനേശ്വർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഒഡിഷയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥനായ ചിന്തൻ രഘുവംശി, ധെങ്കനാലിൽ കല്ല് ഖനന ബിസിനസ് നടത്തുന്ന ബിസിനസുകാരനായ രതികാന്ത റൗട്ടിൽ നിന്ന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ നിന്നും ഒഴിവാക്കുന്നതിനായി 5 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.