'ഓപ്പറേഷൻ സിന്ദൂർ കളിക്കളത്തിൽ'; ഇന്ത്യയുടെ എഷ്യാ കപ്പ് കിരീടനേട്ടത്തിൽ പ്രധാനമന്ത്രി

ഞായറാഴ്ച ദുബൈയിൽ നടന്ന കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ എഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.

Update: 2025-09-29 06:06 GMT

ന്യൂഡൽഹി: എഷ്യാ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഇന്ത്യയുടെ വിജയത്തെ മോദി വിശേഷിപ്പിച്ചത്. 'ഓപ്പറേഷൻ സിന്ദൂർ കളിമൈതാനത്ത്. ഫലം ഒന്നു തന്നെ, ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ'- മോദി എക്സിൽ കുറിച്ചു.

ഞായറാഴ്ച ദുബൈയിൽ നടന്ന കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ എഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. 53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് സഹായകമായത്. ബോളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകളുമായി തിളങ്ങി.

Advertising
Advertising

ഫൈനൽ വിജയത്തിന് ശേഷം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മുഹ്‌സിൻ നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷവും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയുടെ പ്രകോപനപരമായ സോഷ്യൽമീഡിയ പോസ്റ്റും കണക്കിലെടുത്ത് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യൻ ടീമിന്റെ നിലപാട്.

ഒരു ടീം എന്ന നിലയിൽ തങ്ങൾ മുഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി ഫൈനലിനുശേഷം ക്യാപ്റ്റൻ സൂര്യകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നഖ്‌വിക്കൊപ്പം വേദി പങ്കിട്ട എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയാറാണെന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നഖ്‌വി ഇത് അനുവദിച്ചില്ല. ഇതോടെ ട്രോഫി വാങ്ങാതെയാണ് ഇന്ത്യൻ ടീം വിജയാഘോഷം നടത്തിയത്.

ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിക്കും ശേഷം ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യയുടെയും പാകിസ്താന്റേയും ആദ്യ ഏറ്റുമുട്ടലായിരുന്നു ഏഷ്യാ കപ്പ്. ​ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്‌താൻ പരാജയം നേരിട്ടിരുന്നു. രണ്ടു മത്സരങ്ങളിലും പാക് ക്യാപ്റ്റനുമായുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചിരുന്നു.

എഷ്യാ കപ്പിലെ പാകിസ്താനെതിരെയുള്ള ആദ്യ വിജയം ഇന്ത്യൻ സേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും സമർപ്പിക്കുന്നതായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സൂര്യകുമാർ ഇത് പറഞ്ഞത്. ​മത്സര ശേഷവും പരോക്ഷ പ്രതിഷേധങ്ങൾ തുടർന്ന ഇന്ത്യ- പാകിസ്താൻ താരങ്ങൾക്കു കൈകൊടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഫൈനലിന് മുന്നോടിയായി പാക് നായകനുമായുള്ള ഫോട്ടോഷൂട്ടിനും ഇന്ത്യന്‍ നായകൻ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചിരുന്നു. 






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News