Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അസം: അസമിലെ നാഗോൺ ജില്ല അധികാരികൾ 1,500ലധികം ബംഗാളി മുസ്‌ലിം വീടുകൾ പൊളിച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. 795 ഹെക്ടർ സംരക്ഷിത വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ഒരു നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം കുടിയൊഴിപ്പിക്കല്ലെന്ന് അധികാരികൾ വിശദീകരിച്ചതായി ദി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. നാഗോൺ ജില്ലയിലെ ലുട്ടിമാരി പ്രദേശത്താണ് കുടിയൊഴിപ്പിക്കൽ നടന്നത്.
രണ്ട് മാസത്തിനുള്ളിൽ കുടുംബങ്ങളോട് പ്രദേശം വിട്ടുപോകാൻ നിർദ്ദേശിച്ച് ഭരണകൂടം നോട്ടീസ് നൽകിയിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഥലം വിടാൻ കുടുംബങ്ങൾ ഒരു മാസം കൂടി സമയം ആവശ്യപ്പെടുകയും ഭരണകൂടം സമ്മതിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വനഭൂമിയിലെ മനുഷ്യ-വന്യജീവി സംഘർഷം തടയാൻ പ്രദേശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സഹായിക്കുമെന്ന് വനം വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി എം.കെ യാദവ പറഞ്ഞതായി അസം ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
എന്നാൽ 2016ൽ ഭാരതീയ ജനതാ പാർട്ടി അസമിൽ അധികാരത്തിൽ വന്നതിനുശേഷം പല കാരണങ്ങൾ നിരത്തി നിരവധി പൊളിച്ചുമാറ്റൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾ അധിവസിക്കുന്ന പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് ഇവ. 2021 മെയ് മാസത്തിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനുശേഷം 160 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി കയ്യേറ്റങ്ങളിൽ നിന്ന് മോചിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
ബ്രഹ്മപുത്ര നദിയുടെ മണ്ണൊലിപ്പ് മൂലം നദീതീരങ്ങളിലെ തങ്ങളുടെ ഭൂമി ഒലിച്ചുപോയതിനെത്തുടർന്ന് തങ്ങളുടെ പൂർവ്വികർ ഈ പ്രദേശങ്ങളിൽ താമസമാക്കിയതാണെന്നും തങ്ങളുടെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്നും കുടിയിറക്കപ്പെട്ടവരിൽ പലരും അവകാശപ്പെടുന്നു.