പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധ സൂചകമായി ജുമുഅ നമസ്കാരത്തിന് കറുത്ത ബാന്‍ഡ് ധരിച്ചെത്തണമെന്ന് ഉവൈസി

'വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ഐക്യത്തെയും സമാധാനത്തേയും തകര്‍ക്കാന്‍ ആവില്ല. തീവ്രവാദത്തിനെതിരെ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം'.

Update: 2025-04-25 06:37 GMT

ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഭീകരാക്രമണത്തോടുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തുന്ന മുസ്‌ലിംകള്‍ കറുത്ത ബാന്‍ഡ് ധരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഇതിലൂടെ നമ്മള്‍ ഭീകരര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണെന്നും ഒരു ശക്തിക്കും നമ്മെ തകര്‍ക്കാനാവില്ലെന്നുമുള്ള സന്ദേശം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന്റെ പേരില്‍ നിരപരാധികളെ കൊല്ലാൻ ഒരിക്കലും അനുവദിക്കില്ല. വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ഐക്യത്തെയും സമാധാനത്തേയും തകര്‍ക്കാന്‍ ആവില്ല. തീവ്രവാദത്തിനെതിരെ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ഇന്ത്യയില്‍ നുഴഞ്ഞുകയറിയ പാകിസ്താന്‍ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയെ എങ്ങനെ ഇല്ലാതാക്കാമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

Advertising
Advertising

സോഷ്യല്‍മീഡിയയിലെ വര്‍ഗീയ ഉള്ളടക്കത്തെ വിമര്‍ശിച്ച ഉവൈസി, ഇത്തരക്കാര്‍ പാകിസ്താനെയും ഭീകരസംഘടനയേയും സന്തോഷിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിലൂടെ കശ്മീരി സഹോദരന്മാരെയാണ് അവര്‍ ലക്ഷ്യം വച്ചത്. അവരുടെ കെണിയില്‍ ഒരു ഇന്ത്യക്കാരനും വീഴരുത്. ദേശീയ താത്പര്യത്തിനും കശ്മീരികളുടെ സുരക്ഷയ്ക്കും വേണ്ടി എന്ത് നടപടി സ്വീകരിച്ചാലും തങ്ങളുടെ പാര്‍ട്ടി അവരെ പിന്തുണയ്ക്കും.

2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തേക്കാള്‍ ഹീനവും അപലപനീയവുമാണ് ഈ ഭീകരാക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചതിന് ആഭ്യന്തരമന്ത്രി അമിത ഷായെ ഉവൈസി അഭിനന്ദിച്ചു. അക്രമികളെ കേന്ദ്ര സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിക്കണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News