പഹൽഗാം ഭീകരാക്രമണം; മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

''വാഹനത്തിന്റെ ഡ്രൈവര്‍ കുറച്ചു സ്ഥലങ്ങള്‍ കൂടി കാണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും 'ദാല്‍ തടാകം' കാണണമെന്ന് പറഞ്ഞ് മടങ്ങിയതിനാലാണ് സുരക്ഷിതരായി ശ്രീനഗറിലെത്താനായത്''

Update: 2025-04-23 04:13 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാരും കുടുംബവും രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യതാസത്തില്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ്, പി.ജി അജിത് കുമാര്‍ എന്നിവരും കുടുംബവുമടങ്ങുന്ന എട്ടംഗ സംഘമാണ്, അവധി ആഘോഷത്തിനായി കശ്മീരിലെത്തിയിരുന്നത്.  ഏപ്രില്‍ 17നാണ് സംഘം കശ്മീരിലെത്തിയത്. തിങ്കളാഴ്ച പഹല്‍ഗാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ മടങ്ങുകയായിരുന്നു. തങ്ങളുടെ വാഹനത്തിന്റെ ഡ്രൈവര്‍ കുറച്ചു സ്ഥലങ്ങള്‍ കൂടി കാണിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും 'ദാല്‍ തടാകം' കാണണമെന്ന് പറഞ്ഞ് മടങ്ങിയതിനാലാണ് സുരക്ഷിതരായി ശ്രീനഗറിലെത്തിയതെന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ജസ്റ്റിസ് നരേന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തിയെ ഹോട്ടലില്‍ വെച്ച് കണ്ടിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും നടുക്കത്തിലാണെന്നും ജസ്റ്റിസ് നരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു. ജഡ്ജിമാരും കുടുംബവും ആക്രമണം നടന്ന മേഖലയിലുണ്ടായിരുന്നുവെന്നതിനാല്‍ സുരക്ഷിതരാണെന്ന സ്ഥിരീകരണം ലഭിക്കുന്നതുവരെ ആശങ്കയുണ്ടായിരുന്നു.

ചൊവ്വാഴ്ച രണ്ട് മണിയോടെയാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. ഒരു മലയാളിയടക്കം 28 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കുന്നത്. പ്രാദേശിക വാസികളെയും കച്ചവടക്കാരേയും ഒഴിവാക്കി വിനോദസഞ്ചാരികളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News